കാസര്‍കോട്: കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും ജാല്‍സൂര്‍ റോഡ് തുറക്കാത്തതിനാല്‍ ബിജെപി പ്രതിഷേധിച്ചു. തുടര്‍ന്ന് റോഡ് തുറന്നു കൊടുത്തു. മുള്ളേരിയ ജാല്‍സൂര്‍ റോഡിലെ കോട്ട്യാടിയില് മരകഷണങ്ങളും കയറും കൊണ്ട് അടച്ച റോഡ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുമ്പേ തുറക്കാന്‍ ഹൈകോടതി ഉത്തരവുണ്ടായിരുന്നു. പക്ഷെ വെളളിയാഴ്ച രാവിലെ 11.30 മണിയായിട്ടും റോഡ് തുറന്ന് യാത്ര അനുവദിക്കാത്തതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കര്‍ണ്ണാടക ദേശീയ പാത അടച്ചപ്പോള്‍ അട്ടഹസിച്ചവര്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാനപാത തുറക്കാതിരിക്കുമ്പോള്‍ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാവുന്നില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ.ശ്രീകാന്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അതിര്‍ത്തി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ചു യാത്ര ചെയ്യാമെന്ന ഉത്തരവും പാലിക്കപ്പെടുന്നില്ലെന്ന് ശ്രീകാന്ത് ആരോപിച്ചു. ഭാഷാ ന്യൂനപക്ഷങ്ങളെയാണിത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പരസ്പര ധാരണ പിശക്കുമൂലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റോഡ് തടസ്സം നീക്കുകയും കാറഡുക്ക, ദേലംപാടി, ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ യാത്രക്കാരെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ സമ്മതിച്ചു. മറ്റുള്ളവര്‍ സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത് അന്തര്‍ സംസ്ഥാന യാത്ര ചെയ്യാമെന്നുള്ള ഉറപ്പിന്മേല് പ്രതിഷേധം അവസാനിപ്പിച്ചു. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരംപാടി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി നായ്ക്, മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാരന്‍ കുദ്രെപാടി, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം ജനനി, യുവമോച്ച ജില്ല പ്രസിഡന്റ് ധനഞ്ജയന് മധുര്, മണ്ഡലം സെക്രട്ടറി ഹരീഷ് ഗോസാഡ, ബിജെപി കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് വസന്ത.കെ തുടങ്ങിയവര്‍ നേതൃത്വം നല്കി. ബിജെപി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്.സുനില്‍ സ്വാഗതവും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രക്ഷിത് കെദിലായ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: