കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ വനിതാ സൂപ്രണ്ടടക്കം അഞ്ച് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. സെപ്തംബര്‍ മൂന്ന് വരെ നഗരസഭ കാര്യാലയം അടച്ചു പൂട്ടിയതായി സെക്രട്ടറി അറിയിച്ചു. ഹെല്‍ത്ത് സെക്ഷനിലെ രണ്ടുപേര്‍ക്കും ജനറല്‍ വിഭാഗത്തിലെ വനിതാസൂപ്രണ്ടടക്കം രണ്ടുപേര്‍ക്കും അര്‍ബന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ റവന്യൂ വിഭാഗത്തില്‍പെട്ട മൂന്നുപേര്‍ക്കും ജനറല്‍ വിഭാഗത്തിലെ രണ്ടുപേര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ഇതോടെ നഗരസഭയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തായി. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്കി. ഇന്ന് മുതല്‍ തിരുവോണം വരെ നഗരസഭാ ഓഫീസ് അവധിയിലാണ്. ഓണം കഴിഞ്ഞതിന് ശേഷം നഗരസഭയിലെത്തുന്നതിനെക്കുറിച്ചോര്ത്ത് മറ്റ് ജീവനക്കാര്‍ ആശങ്കാകുലരാണ്.
നഗരസഭ ബാച്ചിലര്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് രോഗവ്യാപനത്തിന്റെ അറവിടമെന്ന് സംശയിക്കുന്നതിനാല്‍ എനിയൊരറിയിപ്പ് ഉണ്ടുകന്നത് വരെ ക്വാര്‍ട്ടേഴ്സ് അടച്ചിട്ടു. പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ജീവനക്കാരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ജീവനക്കാരോടും 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്കി. തിരഞ്ഞെടുപ്പ് സംബന്ധമായ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ഒഴിവാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഹിയറിംഗ് സെപ്തംബര്‍ 9, 10 തീയ്യതികളിലേക്ക് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ചിട്ടും കാസര്‍കോട് നഗരസഭയില്‍ കോവിഡ് ബാധിക്കുന്ന ജീവനക്കാരുടെ എണ്ണം പെരുകുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്.
കണ്ടെയ്മെന്റ് സോണില്‍ പോലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടരുത്
ക്വാറന്റൈന് കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ ഹാജരാകാതിരിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാകളക്ടര്‍ ഡോ ഡി.സജിത്ബാബു ജില്ലാതലകോറോണ കോര്‍ കമ്മിറ്റി വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ അറിയിച്ചു. കണ്ടെയ്മെന്റ് സോണില്‍ പോലും ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ പാടില്ല.ഏതെങ്കിലും ഓഫീസില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ (ഒന്നര മീറ്റര്‍ അകലത്തിനുള്ളില്‍ 15 മിനിറ്റിലധികം നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മാത്രം) 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണം. എന്നാല്‍ അണുനശീകരണം നടത്തി 24 മണിക്കൂര്‍ അടച്ചിട്ടതിനു ശേഷം ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കാം.
ഓണാഘോഷവുമായി ബന്ധപ്പെട്ട് ടൗണിലേക്കിറങ്ങുന്ന വാഹനങ്ങളെ ആര്.ടി.ഒ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തില്‍ നിര്‍ദേശിച്ചു. ആര്.ടി.ഒ യുടെ സാധാരണ പരിശോധനയ്ക്കു പുറമെ, വാഹനങ്ങളില്‍ 65 വയസിന് മേല്‍ പ്രായമുള്ളവരോ 10 വയസിന് താഴെ പ്രായമുള്ള കുട്ടികളോ ഇല്ലെന്നു കൂടി ഉറപ്പു വരുത്തണം. വാഹനങ്ങളില്‍ ഈ പ്രായപരിധിയിലുള്ളവരെ കണ്ടെത്തിയാല്‍ അവരെ തിരിച്ചയക്കേണ്ടതാണെന്ന് കളക്ടര്‍ പറഞ്ഞു.
തൃക്കരിപ്പൂര്‍ പയ്യന്നൂര്‍ റോഡിലൂടെ വ്യാപാരികളെയും തൊഴിലാളികളെയും മറ്റും കണ്ണൂര്‍ ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് അനുവദിക്കാത്തത് സംബന്ധിച്ച പരാതികളുയരുന്നതായി എ.ഡി.എം യോഗത്തില്‍ അറിയിച്ചു. ഇക്കാര്യം കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാകളക്ടര്‍ അധ്യക്ഷത വഹിച്ചു .ജില്ലാപോലീസ് മേധാവി ഡി ശില്പ, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്, ഡിഎംഒ ഡോ എ.വി രാംദാസ്, എഡിഎം എന്‍.ദേവീദാസ് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: