വിളപ്പില്‍: കോവിഡ് മലയാളികളെ വീട്ടിലിരുത്തിയ ഓണക്കാലം. ഓണസദ്യ മുതല്‍ ഓണക്കോടിവരെ ഓണ്‍ലൈനില്‍ വീട്ടിലെത്തിക്കാന്‍ സ്ഥാപനങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് എവിടെയും. ഇതിനിടയില്‍ കേക്കില്‍ ‘തൂശനിലയിലെ ഓണസദ്യ’യുമായി വിപണിയില്‍ തരമാവുകയാണ് അമല എന്ന വീട്ടമ്മ.
കൈമനം മൈത്രി നഗര്‍ ഹൗസ് നമ്പര്‍ 81 ല്‍ അമല 2016 മുതല്‍ മൂന്നു വര്‍ഷക്കാലം വാട്ടിയെടുത്ത വാഴയിലയില്‍ പൊതിച്ചോറ് വിളമ്പി തലസ്ഥാന നഗരത്തിന് രുചിപ്പെരുമ പകര്‍ന്നവള്‍. മദേഴ്സ് ലൗ എന്ന പേരിലുള്ള അമലയുടെ പൊതിച്ചോറിന് ഉച്ചനേരത്ത് ആവശ്യക്കാര്‍ നിരവധിയായിരുന്നു. ഒരുവര്‍ഷം മുമ്പ് പൊതിച്ചോറു വില്‍പ്പനയില്‍ നിന്ന് അമല ചുവടു മാറി. ഗൂഗിളില്‍ കണ്ടുപഠിച്ച കേക്ക് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു.
വെറും കേക്കുണ്ടാക്കി വില്ക്കലായിരുന്നില്ല അമലയുടെ രീതി. പകരം കേക്കില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി. കണ്ണില്‍ കാണുന്ന രൂപങ്ങളെല്ലാം അമല കേക്കില്‍ പകര്‍ത്തി. ഭംഗിയും രുചിയും ആകര്ഷകമാക്കിയതോടെ കേക്കിന് ആവശ്യക്കാരും ഏറി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ഫോണിലൂടെ ആവശ്യപ്പെടുന്നവര്‍ക്കും വീട്ടുപടിക്കല്‍ കേക്ക് എത്തിച്ചു നല്കി. ലോക് ഡൗണ്‍ കാലം വിരസമായില്ല അമലയ്ക്ക്.
ലോക് ഡൗണ്‍ കാലത്തെ ഓണത്തിന് ആരും മോഹിക്കുന്ന കേക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന ചിന്തയാണ് തൂശനിലയില്‍ വിളമ്പിയ ഓണസദ്യയുടെ മാതൃകയില്‍ കേക്കുണ്ടാക്കാന്‍ അമലയെ പ്രേരിപ്പിച്ചത്. പഞ്ചസാരപ്പൊടിയില്‍ ചോറും പഴവും പപ്പടവും, പഴവര്‍ഗ്ഗ പള്‍പ്പില്‍ പച്ചടിയും കിച്ചടിയും അച്ചാറും, ഇവയൊക്കെ കേക്ക് പൗഡറില്‍ പച്ചനിറം ചേര്‍ത്തുണ്ടാക്കിയ തൂശനിലയില്‍ കേക്കായി മാറിയപ്പോള്‍ നിരവധി പേര് ഓണത്തിന് ഓണസദ്യ കേക്കിന് ആവശ്യക്കാരായെത്തി. ഒന്നരക്കിലോ മുതലാണ് ഓണസദ്യ കേക്ക് നിര്‍മ്മിക്കുന്നത്. നഗരപരിധിയില്‍ 1500 രൂപയാണ് ഓണസദ്യ കേക്കിന്റെ വില. മറ്റ് പ്രദേശങ്ങളില്‍ ഡെലിവറി ചാര്‍ജ്ജ് കൂടി ഈടാക്കും.
പ്രവാസ ജീവിതം അവസാനിപ്പിച്ച് ശീതളപാനീയങ്ങള്‍ ഹോള്‍സെയിലായി കടകളില്‍ വില്‍ക്കുന്ന റെജുവാണ് അമലയുടെ ഭര്‍ത്താവ്. അഞ്ചാം ക്ലാസുകാരി റേലയാണ് മകള്‍. ഫോണ്‍: 9526052782.
പ്രതികരിക്കാൻ ഇവിടെ എഴുതുക: