ന്യൂദല്‍ഹി : അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയാണ് നയിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് നേതാക്കള്‍. മുന്‍ തെരഞ്ഞെടുപ്പില്‍ ആവശ്യമുള്ള സീറ്റുകള്‍ പോലും നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ഇതു കൂടി കണക്കിലെടുത്ത് വേണം നടപടി കൈക്കൊള്ളാനെന്നും സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കള്‍ ആവശ്യപ്പെട്ടു. ദേശീയ മാധ്യമത്തിന് നല്കി അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം സോണിയ ഗാന്ധി താത്കാലിക പ്രസിഡന്റായി ചുമതലയേറ്റെങ്കിലും സ്ഥിരം സംവിധാനം കൊണ്ടുവരണം കോണ്‍ഗ്രസിലെ കുടുംബ വാഴ്ച അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ പരസ്യമായി പാര്‍ട്ടി നേതൃത്വത്തിനെതിരെ ശബ്ദം ഉയര്‍ന്നതോടെ ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് വീണ്ടും വിമത നേതാക്കള്‍ രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നതില്‍ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.
രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നില പരിശോധിച്ച് വേണം നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍.
2024 ലെ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ ജയിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പറയാവുന്ന സ്ഥിതിയല്ല രാഹുലിന്റേത്. 2014 ലും 2019ലും ആവശ്യമായ സീറ്റുകള്‍ നേടാനായില്ലെന്ന കാര്യം മറക്കരുത്. നാഗ്പൂര്‍ മുതല്‍ ഷിംല വരെ പാര്‍ട്ടിക്ക് ലഭിച്ചത് 16 സീറ്റുകള്‍ മാത്രമാണ്. അതില്‍ തന്നെ എട്ട് സീറ്റും പഞ്ചാബിലാണ്. തര്‍ക്കം വ്യക്തികള്‍ തമ്മിലല്ലെന്നും പ്രശ്നാധിഷ്ഠിതമാണ്. എങ്കില്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും എതിരാളികളെ നേരിടാന്‍ സാധിക്കൂവെന്നും നേതാക്കള്‍ അറിയിച്ചു.
അതേസമയം വര്‍ക്കിങ് കമ്മിറ്റിയിലേക്കും താക്കോല്‍ സ്ഥാനങ്ങളിലേക്കും കാലാനുസൃതമായി തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അമ്പത് കൊല്ലത്തേക്ക് പാര്‍ട്ടി പ്രതിപക്ഷത്ത് തന്നെ ആയിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദും വിമര്‍ശിച്ചു. പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. പത്ത് പതിനഞ്ച് വര്‍ഷം അങ്ങനെ കടന്നു പോയി. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആവര്‍ത്തിച്ച് തോല്ക്കുന്നു. തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പ് അടിയന്തിരമായി നടത്തണം.
തങ്ങള്‍ക്ക് പതിച്ചു കിട്ടിയ സ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന് ഭയപ്പെടുന്നവരാണ് വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളെ ഭയപ്പെടുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ നല്കിയ കത്തിന്റെ ഉള്ളടക്കം അംഗീകരിക്കുമെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.
ഗുലാം നബി ആസാദിന് പുറമെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ, പി ജെ കുര്യന്, രേണുക ചൗധരി, മിലിന്ദ് ദേവ്ര, അജയ് സിങ് തുടങ്ങിയവരും കത്തില്‍ ഒപ്പ് വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: