പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദല്‍ഹിയില്‍ പിടിയിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയില്‍ എത്തിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന് റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും.
നിലവില്‍ കേസന്വേഷിക്കുന്ന അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കോന്നി, പത്തനംതിട്ട സ്റ്റേഷനുകളില്‍ കിട്ടിയ പരാതികള്‍ കേന്ദ്രീകരിച്ചാണ്. സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിപ്പിക്കേണ്ടി വന്നാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
അതേസമയം തട്ടിപ്പ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്ക് ലഭിക്കണമെങ്കില്‍ മുഴുവന്‍ ശാഖകളിലേയും നിക്ഷേപകരുടെ പൂര്‍ണ കണക്കെടുക്കേണ്ടതായുണ്ട്. ഇതുവരെയുള്ള അന്വേഷണ പ്രകാരം എത്ര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പോലീസ് നിശ്ചയിച്ചിട്ടില്ല. എത്ര നിക്ഷേപകരുണെന്നതും അന്വേഷിക്കുകയാണ്. ഭൂരിഭാഗം പേരും നിക്ഷേപിച്ച തുക സംബന്ധിച്ച് പുറത്ത് പറയാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരും സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരും പണം നിക്ഷേപിച്ചവരിലുണ്ട്. ഇവരില്‍ പലരും ഇതുവരെ പരാതി നല്‍കിയിട്ടില്ല.
അതേസമയം പത്തനംതിട്ട സബ് കോടതിയില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍ നല്കിയ പാപ്പര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം ഏഴിന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്സ്പ്പോട്ടേഴ്സ്, പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: