തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സുപ്രധാന ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്കിയ ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഭീഷണി മുഴക്കി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കുമെന്നും ആരോപണം ഉന്നയിച്ച വ്യക്തികള്‍ അത് തിരുത്തിയില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിയമമന്ത്രി എ.കെ. ബാലന് പ്രഖ്യാപിച്ചു.
ഫയലിനു തീയിട്ടു എന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സെക്രട്ടേറിയറ്റിനു തീ വയ്ക്കാന്‍ നേതൃത്വം കൊടുത്തവരാണെന്ന് ലോകത്തിനു മുന്നില്‍ വരുത്തിതീര്‍ത്തു. സിനിമാക്കഥകളെ വെല്ലുന്ന തരത്തിലാണ് സംഭവ വികാസങ്ങളെന്നും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. ഇത് സര്‍ക്കാരിന് നാണക്കേടായിട്ടുണ്ട്. അതിനാല്‍ നിയമ നടപടി സ്വീകരിക്കും, മന്ത്രി ബാലന് പറഞ്ഞു.
ഫയലുകള്‍ കത്തിച്ചുവെന്ന് ആദ്യം പറഞ്ഞത് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ അഡീഷണല്‍ സെക്രട്ടറി പി. ഹണിയായിരുന്നു. തീപടര്‍ന്നു പിടിച്ച് സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഹണിയുടെ വെളിപ്പെടുത്തല്‍. ഹണിയുടെ ശബ്ദ രേഖ ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടായതോടെ കത്തിച്ചതല്ല കത്തിയതെന്ന് ഹണി തിരുത്തി.
സെക്രട്ടേറിയറ്റിലെ എല്ലാ ഫയലുകളും ഇ-ഫയലുകള്‍ ആണെന്നാണ് മന്ത്രിയുടെ മറ്റൊരു വെളിപ്പെടുത്തല്‍. എന്നാല്‍ ഇരുപത് ശതമാനം ഫയലുകള്‍ ഇനിയും ഇ-ഫയലിലേക്ക് മാറ്റിയിട്ടില്ലെന്ന് അന്ന് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. പ്രത്യേകിച്ച് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍. ഇത് സര്‍ക്കാരും സമ്മതിച്ചിട്ടുണ്ട്. ഒരു ബക്കറ്റ് വെള്ളം കൊണ്ട് തീ കെടുത്താന്‍ സാധിക്കുമായിരുന്നു എന്നും മന്ത്രി പറയുന്നു. എങ്കില്‍ എന്തിന് ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തി എന്ന ചോദ്യം അവശേഷിക്കുന്നു… അവിടെ ഉണ്ടായിരുന്ന അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് എന്തുകൊണ്ട് തീ കെടുത്തിയില്ലെന്നും സംശയമുണ്ട്. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തി തീ പിടിച്ച ഫയലുകളില്‍ മാത്രമല്ല തീ പടര്‍ന്നു പിടിക്കാതിരിക്കാന്‍ എന്ന പേരില്‍ ആ ഭാഗത്ത് മുഴുവന്‍ വെള്ളം ചീറ്റി. വെള്ളം വീണ് എത്ര ഫയലുകള്‍ നഷ്ടമായി എന്നതു സംബന്ധിച്ചും ദുരൂഹത മാറിയിട്ടില്ല. തീ കത്തിയ ഫയലുകള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
മണിക്കൂറുകള്‍ക്കകം തന്നെ പൊതുമരാമത്ത് വകുപ്പ് അന്വേഷിച്ച് റിപ്പോര്‍ട്ടും നല്കി. ഫാനില്‍ നിന്ന് ഉണ്ടായ തീപിടിത്തമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫൊറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചത്. ഇത്രയും ദുരൂഹതകള്‍ നിലനില്‍ക്കെയാണ് ഭീഷണിയുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്.
എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുടെ വായ് മൂടാനുള്ള നീക്കം അടുത്തകാലത്ത് സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. പഠിച്ച് പരീക്ഷ പാസ്സായി റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടിട്ടും ഇതുവരെയും ജോലി ലഭിച്ചില്ലെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി വിലപിച്ചതിന് സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പിഎസ്സി പരീക്ഷ വിലക്ക് ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ചാല്‍ ജയിലിലേക്ക് എന്നായിട്ടുണ്ട്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് എതിരെ വീണ്ടും തിരിഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് പതിവു വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: