Categories: Vasthu

ഗൃഹാരംഭം

വാസ്തുവിദ്യ

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍വിഘ്ന പരിസമാപ്തി കാംക്ഷിച്ചു യഥാവിധി ആചാരപ്രകാരം ചെയ്തു വരുന്ന ചടങ്ങാണ് ഗൃഹാരംഭം. ഉചിത അതിര്‍ത്തി നിശ്ചയിച്ചു കുറ്റി അടിച്ചു നാട്ടി ദിക്ക് നിര്‍ണയം നടത്തി വീടിനു സ്ഥാനം കാണുക, യഥാവിധി പൂജാപൂതമായ കല്ലിട്ടു ഗൃഹനിര്‍മാണം ആരംഭിക്കുക എന്നിവയാണ് പ്രാദേശികമായി ഭേദം നിലനില്‍ക്കെ സാമാന്യമായി ഗൃഹാരംഭം എന്ന നിലയില്‍ പരിഗണിക്കുന്നത്.

ദേവദാരു, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളാണ് സാധാരണയായി കുറ്റി അടിക്കാന്‍ ഉപയോഗിച്ച് വരുന്നത്. ഉണങ്ങാത്തതും കേടുകളില്ലാത്തതും ഉചിതമായ ലക്ഷണങ്ങളോടും കൂടിയ കുറ്റി കടഭാഗം കൂര്‍പ്പിച്ചു അളവുകൊണ്ടു ചേര്‍ത്ത് വാസ്തു പുരുഷ മണ്ഡലത്തില്‍ നിരൃതി ഭാഗത്തോ ബ്രഹ്മസ്ഥാനത്തോ ഈശ കോണിലോ ഗമന നിയമമനുസരിച്ചു തറയ്‌ക്കുന്നതാണ് പതിവ്.

വാസ്തുശാസ്ത്രപ്രകാരം കുറ്റിയടി, കല്ലിടല്‍ എന്നീ രണ്ടു ചടങ്ങുകളും ഗൃഹാരംഭം ആണെന്നിരിക്കെ പ്രധാന ചടങ്ങായി സൂചിപ്പിക്കുന്നത് ശിലാന്യാസം അഥവാ തറക്കല്ലിടുന്നതിനെയാണ്. ഗൃഹത്തെ വാസ്തു പുരുഷമണ്ഡലമായി സങ്കല്‍പ്പിച്ചു ചരണ ഭാഗത്തോ, ഉദയരാശിയുടെ പത്താം രാശിയിലോ ശിലയെ ന്യസിക്കേണ്ടതാകുന്നു. ഗൃഹനാഥനോ, നിര്‍ദ്ദേശപ്രകാരം ആചാര്യനോ, പുത്രനോ, ചേര്‍ന്നോ വേണം ചടങ്ങ് നിര്‍വഹിക്കുവാന്‍. ഓജസ്സുള്ള പുരുഷന്മാരാല്‍ ശിലാന്യാസം ചെയ്യുന്നതാണുചിതം. സ്ത്രീ ആകുന്ന ഭൂമിയില്‍ ഗര്‍ഭന്യാസം നിര്‍വഹിക്കുന്നു എന്ന സങ്കല്‍പ്പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. പുല, വാലായ്മ, അശുദ്ധി, ഗൃഹനാഥ പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥ, എന്നീ സന്ദര്‍ഭങ്ങളില്‍ ഗൃഹാരംഭം അരുത്.

ഗൃഹാരംഭ മുഹൂര്‍ത്തത്തിനായി മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം എന്നീ മാസങ്ങളും കാര്‍ത്തിക ഞാറ്റുവേലയും വര്‍ജ്യങ്ങളാണ്. ഊണ്‍ നാളുകളായ രോഹിണി, മകയിരം, ചതയം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി, രേവതി, അശ്വതി, ചോതി, അനിഴം, മകം, മൂലം എന്നീ നാളുകളും ഗൃഹാരംഭത്തിന് ഉത്തമമാണ്.

ഗൃഹാരംഭ മുഹൂര്‍ത്തത്തിനു മകരം, തുലാം, മേടം, കര്‍ക്കിടകം എന്നിവയൊഴിച്ചുള്ള രാശികളും കൊള്ളാം. എന്നാല്‍ ഉദയരാശി സമയത്ത് ഗൃഹാരംഭം പാടില്ലാത്തതാണ്. മുഹൂര്‍ത്ത രാശിയുടെ നാലാം ഭാവത്തില്‍ ഗ്രഹങ്ങളൊന്നും ഇല്ലാത്തതും അഷ്ടമത്തില്‍ ചൊവ്വ ഇല്ലാത്തതുമായ സമയവും ചൊവ്വ, ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളും മുഹൂര്‍ത്തതിനായി സ്വീകരിക്കണം. ഗൃഹനാഥന്റെ നക്ഷത്രവും, നക്ഷത്രത്തിനു വേധമില്ലാത്ത നക്ഷത്രങ്ങളും, കൂറ് അനുസരിച്ച് അഷ്ടമരാശിക്കൂറ് വരുന്ന നക്ഷത്രങ്ങളും ഒഴിവാക്കണം.

ഗൃഹാരംഭത്തിന് ദിവസം ഗണിക്കുമ്പോള്‍ തിഥി’കളില്‍ ചതുര്‍ഥി, ചതുര്‍ദശി, സപ്തമി, അഷ്ടമി, നവമി എന്നീ തിഥികള്‍ പാടില്ല. കല്ലിടുന്നതിനായി 1, 3, 4, എണ്ണത്തിലുള്ള കല്ലുകള്‍ ആണ് ഉപയോഗിക്കേണ്ടത്.

ഉചിതമായ ആരംഭം കര്‍മഫലത്തെ സൂചിപ്പിക്കുന്നു എന്നതിനാല്‍ പ്രാധാന്യമര്‍ഹിക്കുന്നതും ആചാരപ്രധാനവുമാകുന്നു. സൂചനകളാല്‍ ഗോചരമായ വിഘ്നങ്ങളെ വിവിധങ്ങളായ ഉപായങ്ങളാല്‍ നിവാരണം ചെയ്ത് കര്‍മഫല പ്രാപ്തിക്കായി ഗൃഹനാഥന്‍ യത്‌നിക്കണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക