ഓണം എന്ന വാക്കിന് അനുബന്ധമായി ധാരാളം പദങ്ങള്‍ ഉണ്ടല്ലാ. ഓണമുണ്ട്, ഓണക്കോടി, ഓണത്തപ്പന്, ഓണപ്പാട്ട്, ഓണപ്പാച്ചില്‍, ഓണക്കോള് തുടങ്ങിയവ എതാനും ഉദാഹരണങ്ങള്‍. എന്നാല്‍ അവയെക്കാള്‍ എല്ലാം കുടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ഇന്ന് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു പദമാണ് തര്‍ക്കങ്ങള്‍. ഓണത്തിനും തര്‍ക്കമോ? അതേ ഇത്രയും തര്‍ക്കമുളള മറ്റൊന്നുണ്ടോ എന്ന് തന്നെ സംശയമാണ്. ഈ നാടിന്റെ ഏറ്റവും വലിയ ഉത്സവമാണ് ഓണം എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ ഇത്രത്തോളം വളച്ചുകെട്ടുകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഇരയായ മറ്റൊരു ആഘോഷമുണ്ടോ എന്നതില്‍ തര്‍ക്കമുണ്ട് താനും. മാനുഷരെല്ലാരും ഒന്നു പോലെ ആകുന്ന ഈ മഹാമേളയുടെ ഉല്ഭവചരിത്രത്തെപ്പറ്റി പണ്ഡിതന്മാര് പലതട്ടില്‍ ആണെന്നത് മറ്റൊരു കൗതുകം. ഇതേപ്പറ്റി ഒന്‍പതോളം വിഭിന്നവാദങ്ങള് നിലവില്‍ ഉണ്ട്. ഇതിന്റെ മിഥോളജിയെപ്പറ്റിയും അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓണത്തിന്റെ നായകരായ മഹാബലിയെപ്പറ്റിയും വാമനനെപ്പറ്റിയുമൊക്കെ തന്നെ എത്രയോ വൈരുദ്ധ്യപൂര്‍ണമായ കഥകള്‍!
ഇന്ന് കേരളത്തിന്റെ ദേശീയോല്‍സവമെന്ന് വാഴ്ത്തപ്പെടുന്ന ഓണം പിറന്നതും വളര്‍ന്നതും കേരളത്തില്‍ ആയിരുന്നില്ല എന്നതും ഒരു വിസ്മയകൗതുകം. പ്രാചീന അസീറിയ, ബാബിലോണിയ എന്നിവിടങ്ങളില്‍ ഉത്ഭവിച്ച് ഭാരതത്തിലേക്ക് പടര്‍ന്ന് ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍ കൊണ്ടാടിയിരുന്നതുമായ ഓണത്തിന്റെ ഒരവശിഷ്ടസ്ഥാനമായി ഈ കൊച്ച് കേരളം മാറി എന്ന പണ്ഡിതാഭിപ്രായം ഏറെ ചിന്താര്‍ഹമാണ്. അനുദിനം വൈദേശികപ്രഭാവങ്ങള്ക്ക് അടിപ്പെടുന്ന മലയാളി ഇന്ന് ഓണത്തനിമയെ വിസ്മരിക്കുന്നു. എങ്കിലും
ആയിരം കോടിയുണ്ടെങ്കിലുമന്ത്യത്തില്‍
കോടിയൊരെണ്ണം മതി പുതച്ചീടുവാന്‍
എന്ന പരമസത്യവും നാം ഓണത്തോടൊപ്പം ഓര്‍ക്കേണ്ടതാണ്.
മലയാളികള്‍ക്ക് ഇന്ന് ഓണാഘോഷം അത്യന്തം ആവേശകരമായി തീര്‍ന്നിരിക്കുന്നു എന്നാല്‍ പഴയകാലത്തെ ലാളിത്യവും സ്വഭാവികതയും നൈര്‍മ്മല്യവും നഷ്ടമായിരിക്കുന്നു എന്ന് പറയാതെ വയ്യ. ക്യഷിയോട് താല്പര്യമില്ലാത്ത മലയാളിക്ക് ഒരു കാര്‍ഷികോല്‍സവമായ ഓണം ആഘോഷിക്കാന്‍ അവകാശമോ അര്‍ഹതയോ ഇല്ല എന്നതല്ലേ സത്യം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: