തിരുവനനന്തപുരം: ഓണക്കാലമായിട്ടും കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പട്ടിണിയില്‍ നട്ടം തിരിയുകയാണ് കേരളത്തിലെ പപ്പട നിര്‍മാണ തൊഴിലാളികള്‍. ഇതിനിടയിലാണ് കേരള സര്‍ക്കാരും സംസ്ഥാനത്തെ പപ്പട തൊഴിലാളികളോട് കൊടുംചതി ചെയ്തത്. ഓണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് നല്കിതുടങ്ങി കഴിഞ്ഞു. എന്നാല്‍, മലയാളികളായ പതിനായിരക്കണക്കിന് പപ്പട നിര്‍മാണ തൊഴിലാളികളേയും തൊഴിലാളി യൂണിറ്റുകളേയും നിഷ്കരുണം ഒഴിവാക്കി കിറ്റിലേക്കുള്ള പപ്പടം വാങ്ങിയത് തമിഴ്നാട്ടില്‍ നിന്ന്. കോവിഡ് ഭീഷണി മൂലം ഓണക്കാലത്ത് തമിഴ്നാട്ടില്‍ നിന്ന് പൂക്കളം ഒരുക്കാന്‍ പൂക്കള്‍ എത്തിക്കുന്നതിനെ പോലും മുഖ്യമന്ത്രി പിണറായി വിജയന് വിലക്കിയിരുന്നു. അത്തരം സാഹചര്യത്തിലാണ് 88 ലക്ഷം കിറ്റിലേക്കുള്ള പപ്പടം മലയാളി തൊഴിലാളികളെ തള്ളി തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചത്. ഇതിനു പിന്നില്‍ ലക്ഷങ്ങളുടെ കമ്മിഷന് ഇടപാട് നടന്നിട്ടുണ്ടെന്നാണ് സംസ്ഥാനത്തെ പപ്പട നിര്‍മാണ തൊഴിലാളികള്‍ പറയുന്നത്.
20 രൂപ പരമാവധി വില രേഖപ്പെടുത്തിയ 60 ഗ്രാം പപ്പടമാണ് ഓണക്കിറ്റിലുള്ളത്. ശ്രീ ശാസ്താ കേരള പപ്പടമെന്ന ലേബലുള്ള പപ്പടം തമിഴ്നാട് മധുരയിലെ ചിന്താമണിയിലുണ്ടാക്കുന്നതാണ്. പത്ത് സെന്റിമീറ്ററോളം വലുപ്പത്തിലുള്ള പപ്പടമാണ് പാക്കറ്റിലുള്ളത്. സര്‍ക്കാരിന്റെ ഓണക്കിറ്റിലെ പപ്പടം വറുത്തപ്പോള്‍ പപ്പടത്തിന്റേതായ രുചിയില്ലെന്ന് ആരോപണവും ശക്തമാണ്. സാധാരണ ഗതിയില്‍ പപ്പടമുണ്ടാക്കുന്നത് ഉഴുന്ന് മാവും പപ്പടക്കാരവും ഉപ്പും എണ്ണയും ചേര്‍ത്താണ്. ഉഴുന്നിന് വില കൂടിയതിന് ശേഷം അല്‍പ്പം മൈദയോ അരിപ്പൊടിയോ കിഴങ്ങ് പൊടിയോ പപ്പടത്തില്‍ ചേര്‍ക്കാറുണ്ട്. ഉഴുന്നിനേക്കാള്‍ മൂന്നിലൊന്ന് വിലയുള്ള മൈദയും അരിപ്പൊടിയും കിഴങ്ങ് പൊടിയുമായിരിക്കും ഇതിലെ അസംസ്കൃത വസ്തുക്കളെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഉഴുന്നിന് ശരാശരി 120 രൂപയും മൈദക്ക് ശരാശരി 45 രൂപയും കിഴങ്ങ് പൊടിക്ക് മൈദയുടെ വിലക്കടുത്തായുമാണുള്ളത്. കേരളത്തിലെ പപ്പടങ്ങള്‍ക്കു പൊതുവേ ഗുണനിലവാരം കൂടതലായിട്ടും മോശം പപ്പടം തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചതിലെ അഴിമതിയും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: