തിരുവനന്തപുരം: അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം തന്നെ കള്ളനെന്ന് വിളിച്ചതിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കുണ്ഠിതം.ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ വിളിക്കാമോയെന്നാണ് സത്യ സന്ധനായ വിജയന് സംശയം. ‘മുഖത്ത് നോക്കി കള്ളാ കള്ളാ എന്നു വിളിക്കുന്നതാണോ ശരിയായ നടപടി. ഇതാണോ സംസ്‌കാരം. ഇതാണോ രീതി’. എന്നൊക്കെയാണ് പിണറായി വിജയന്റെ ചോദ്യം. കെ കരുണാകരനെ ചാരനെന്നും ഉമ്മന്‍ചാണ്ടിയെ പെണ്ണു പിടിയനെന്നും മുഖത്തു നോക്കിയും അല്ലാതെയും വിളിക്കുകയും പ്രസ്താവനകളിലൂടെ രേഖകള്‍ ആക്കുകയും ചെയ്തതുപോലെയാണോ കള്ളാ, കള്ളാ വിളി.
കള്ളത്തരം കാട്ടിയവരെയാണ് കള്ളന്‍ എന്നു സാധാരണ വിളിക്കുക. കള്ളം കാണിക്കുന്നതില്‍ മുഖ്യമന്ത്രിമാര്‍ക്ക് എന്തെങ്കിലും പ്രിവിലേജ് ഉള്ളതായി അറിയില്ല. നിയമ സഭയ്‌ക്കുള്ളില്‍ നിന്ന് എന്തും കാണിക്കാനുള്ള പ്രിവിലേജ് അംഗങ്ങള്‍ക്കുണ്ടെന്നറിയാം. സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് മുതലാക്കിയവരുമാണ്. കളളത്തരം കയ്യോടെ പിടിച്ചാലും കൈവിലങ്ങ് വയ്‌ക്കണമെങ്കില്‍ ഗവര്‍ണ്ണറുടെ അനുമതിയോ മറ്റോ വേണമെന്നു കേട്ടിട്ടുണ്ട്. കള്ളത്തരം കാട്ടിയത് വിളിച്ചു കൂവാനും കള്ളനെന്നു വിളിക്കാനും എന്തെങ്കിലും അനുമതിപത്രം ആവശ്യമുണ്ടെന്ന് പറഞ്ഞു കേട്ടിട്ടില്ല.
കള്ളാ എന്നു വിളിക്കുക മാത്രമല്ല, തന്നെ പച്ചത്തെറിയും വിളിച്ചതിലും മുഖ്യമന്ത്രിക്ക് പെരുത്ത സങ്കടമുണ്ട്. ‘താന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് തെറിവിളിച്ചു. ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ വിളിക്കാമോ. തന്നെ തെറി വിളിച്ചപ്പോള്‍ ആരും മിണ്ടിയില്ല. മാധ്യമങ്ങള്‍ തെറി പറഞ്ഞതില്‍ ഒരു ചര്‍ച്ചയും നടന്നില്ല. ഇതാണോ സംസ്‌കാരം. ഇതാണോ രീതി. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ പോലും അനുവദിച്ചില്ല. വിളിച്ച മുദ്രാവാക്യങ്ങള്‍ പോലും ന്യായമല്ല. തെറിയായിരുന്നു. പ്രധാനമായും എന്റെ സംസാരം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്’ എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ചാനലായ ചാനലുകളിലെല്ലാം തത്സമയം സംപ്രേക്ഷണം ഉണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷം വിളിച്ചത് എന്തൊക്കെയെന്ന് ജനം അപ്പപ്പോള്‍ കണ്ടിരുന്നു. പക്ഷേ നാലു മണിക്കൂര്‍ നീണ്ട മുഖ്യന്റെ മറുപടി തള്ളു കണ്ടിരുന്ന പാവം ജനങ്ങള്‍ കള്ളാ എന്നും കള്ളനു കഞ്ഞി വെച്ചവന്‍ എന്നും മാത്രമല്ല തന്തയ്‌ക്കും തള്ളയ്‌ക്കും ഒക്കെ വിളിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: