തൃശൂര്‍: കേരളത്തിനകത്തും പുറത്തും വിദേശത്തുപോലും പഴവിപണിയുടെ മുഖ്യ ആകര്‍ഷണമായ ചെങ്ങാലിക്കോടന് വിപണിയില്‍ ആവശ്യക്കാരേറെ. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി, കടങ്ങോട്, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂര്‍, ചൂണ്ടല്‍, തൃശ്ശൂര്‍ താലൂക്കിലെ തോളൂര്‍, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലായി കൃഷി ചെയ്തിരുന്ന ചെങ്ങാലിക്കോടന്റെ വിളവെടുപ്പ് പൂര്‍ത്തിയായി. ഇപ്പോള്‍ മാര്‍ക്കറ്റില്‍ 100 രൂപയാണ് വിലയെങ്കിലും ഓണമടുക്കുംതോറും ആവശ്യക്കാരേറുകയാണ്. സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന ചെങ്ങാലിക്കോടന്‍ കുലകള്‍ കാഴ്ചകുലകളായി ഉത്രാടനാളില്‍ ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഭക്തര്‍ കാഴ്ചവെക്കുന്ന പതിവുണ്ട്. ഉത്രാടക്കാഴ്ചക്കുല ചെങ്ങാലിക്കോടന് മാത്രം അവകാശപ്പെട്ടതാണ്.
തയ്യൂരിനടുത്ത് വെങ്ങിലശ്ശേരിയിലെ വലിയ വിളപ്പില്‍ 71 വയസ്സുള്ള ശങ്കരനാരായണന്‍ നമ്പ്യാര്‍ കഴിഞ്ഞ 50 വര്‍ഷമായി ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷിചെയ്തു വരുന്നു. ഇദ്ദേഹത്തിന്റെ വീടിനടുത്തുള്ള 2 ഏക്കര്‍ കൃഷിയിടത്തില്‍ ആയിരത്തോളം നേന്ത്രക്കുലകളില്‍ 500ല്‍പരം നേന്ത്രക്കുലകളാണ് കാഴ്ചക്കുലകളായി വിപണിയിലെത്തുന്നത്. ഇതില്‍ ഭൂപിപക്ഷവും ഗുരുവായൂരിലെ കാഴ്ചക്കുലകളാകുന്നു. മൂന്നു തവണകളായിട്ടാണ് ചെങ്ങാലിക്കോടന്‍ കൃഷി ചെയ്യുന്നത്. കുംഭവാഴ, കര്‍ക്കിടകവാഴ, ഓണവാഴ. ഓണവാഴ തൈ നടുന്നത് അത്തം ഞാറ്റുവേലയിലാണ്. എടവമാസത്തില്‍ വാഴ കുലയ്‌ക്കുന്നതുവരെ ജൈവവളം മാത്രമേ കര്‍ഷകര്‍ ഉപയോഗിക്കുകയുള്ളൂ.
വാഴകുലച്ച് ഒരു മാസം കഴിഞ്ഞാല്‍ കായക്കുല ഉണങ്ങിയ വാഴയിലകൊണ്ട് ഭംഗിയായി പൊതിയുന്നു. ഈ പൊതിയലിന്റെ ഫലമായി കായക്കുലയില്‍ നല്ല വര്‍ണ്ണവും ഭംഗിയുള്ള കരകളും വീഴും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുലകളാണ് കാഴ്ചക്കുലകളാക്കി ഗുരുവായൂരിലേക്ക് സമര്‍പ്പിക്കുന്നത്. കായക്കു തൂക്കവും വണ്ണവും നീളവും കിട്ടാന്‍ കപ്പലണ്ടി പിണ്ണാക്കും, വിറകു കത്തിച്ച ചാരവും ആഴ്ചയില്‍ ഒരിക്കല്‍ വീതം വാഴയുടെ തടത്തിലിട്ട് സമൃദ്ധിയായി ജലമുപയോഗിച്ച് നനയ്‌ക്കും. നല്ലവണ്ണം വെയില്‍ ലഭിക്കുകയും സമൃദ്ധിയായി ജലംകൊണ്ട് നനയ്‌ക്കുകയും ചെയ്യുന്ന നേന്ത്രവാഴകളെ കുഞ്ഞുങ്ങളെപ്പോലെ ശുശ്രൂഷിച്ചാണ് കര്‍ഷകര്‍ വിളവെടുക്കുന്നതുവരെ സംരക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: