തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകള്‍ക്ക് തീയിട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇടപെട്ടു. പ്രതിപക്ഷ നേതാവ് നല്കിയ പരാതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കൈമാറി. സമഗ്ര അന്വേഷണം വേണമെന്നാണ് ഗവര്‍ണറോട് ചെന്നിത്തല ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.
വിവിധ അന്വേഷണ സംഘങ്ങള്‍ പരിശോധന തുടങ്ങി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ വിഭാഗത്തിന് കത്ത് നല്കി. അഞ്ച് ദിവസത്തെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ തീപിടിച്ച ഭാഗത്ത് സിസിടിവികള്‍ സ്ഥാപിച്ചിട്ടില്ല. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. തീപിടിത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് പോലീസ് പരിശോധിക്കും. ഫൊറന്‍സിക് ഫലം വന്നാലുടന്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കാനാണ് ദുരന്തനിവാരണ കമ്മീഷണര്‍ എ. കൗശികന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി കണ്ടെത്താനാണ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകളുടെ കണക്കെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഭാഗികമായി നശിച്ച ഫയലുകള്‍ സ്കാന്‍ ചെയ്ത് സൂക്ഷിക്കും. ഭാവിയില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സ്കാന്‍ ചെയ്ത് സൂക്ഷിച്ച ഫയലുകള്‍ കൈമാറും. എട്ട് ക്യാമറകള്‍ സ്ഥാപിച്ച് അന്വേഷണ സംഘത്തിന്റെ ഫയല്‍ പരിശോധന വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഇതോടൊപ്പം പൊതുഭരണവകുപ്പിലെ മുഴുവന്‍ ജീവനക്കാരുടേയും മൊഴിയും രേഖപ്പെടുത്തും. വിശദമായ റിപ്പോര്‍ട്ട് സമിതി ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും.
അതേസമയം ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന പൊതുമരാമത്ത് നല്കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച് നല്‍കാനാണ് അഗ്നിശമന സേനയുടെയും പോലീസിന്റെയും നീക്കം, ശാസ്ത്രീയ പരിശോധനാ ഫലം ഫൊറന്‍സിക് വിഭാഗത്തില്‍ നിന്നും അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സെക്രട്ടേറിയറ്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന വിവരം കൂടി അഗ്നിരക്ഷാസേന നല്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരമാണ് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍, പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍ക്ക് തീയിട്ടത്. മന്ത്രിമാരുടെ വിദേശയാത്രകള്‍, എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്ന യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നയതന്ത്ര രേഖകള്‍ അടക്കമുള്ള ഫയലുകള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: