ആലപ്പുഴ: സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടാകുന്നത് ആദ്യമായല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ തവണ താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഓഫീസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം തീപിടുത്തമുണ്ടായതാണ്. കൃത്യമായ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണെങ്കിലും ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും യുഡിഎഫ് ഭരണകാലത്ത് തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ത്തന്നെ ഈ ഭരണകാലത്ത് ആരോഗ്യമന്ത്രിയുടെ ആഫീസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം തീപിടുത്തം ഉണ്ടായി. സെക്രട്ടേറിയറ്റിനുള്ളിലെ വൈദ്യുതിവിതാനം ഏച്ചുകെട്ടി ഏച്ചുകെട്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. അതുപോലെ അതിനുള്ളില്‍ താല്‍ക്കാലിക നിര്‍മ്മിതികളും ഏറെ വന്നിട്ടുണ്ട്.
പ്രതിപക്ഷത്തെക്കുറിച്ച് മരണവ്യാപാരികള്‍ ലേബല്‍ ചാര്‍ത്തിക്കൊടുക്കാതെ നിര്‍വ്വാഹമില്ല. രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ജനകീയ ജാഗ്രത വര്‍ദ്ധിക്കേണ്ട കാലമാണ്. ആ സമയത്താണ് ഹൈക്കോടതി വിധി നഗ്നമായി ലംഘിച്ചുകൊണ്ട് എല്ലാവിധ കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി നാട്ടില്‍ കലാപത്തിനായി യുഡിഎഫും ബിജെപിയുമെല്ലാം ഇറങ്ങിയത്.
ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങള്‍ ദുരൂഹമാണെന്നു പറയാതെ വയ്യ. അദ്ദേഹം തന്നെ അത് ദൂരീകരിക്കണം. ആപ്പീസുകളില്‍ ഉണ്ടായിരുന്ന മന്ത്രിമാര്‍പോലും അറിയുന്നതിനു മുമ്പ് സുരേന്ദ്രന് ഇതെങ്ങനെ അറിഞ്ഞ് ഓടിയെത്തിയെന്നും ഐസക്ക് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: