അലബാമ : കോവിഡ് മഹാമാരിയെ തുടർന്നു അടിച്ചിട്ടിരുന്ന അലബാമ യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ 566 പേർക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.
ഓഗസ്റ്റ് 19 നാണ് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം പുനരാരംഭിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത്രയുമധികം വിദ്യാർത്ഥികളിൽ രോഗം കണ്ടെത്തിയത് ആശങ്കാ ജനകമാണെന്നും ഹെൽത്ത് ആൻഡ് സേഫ്റ്റി പ്രൊട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അലബാമ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് വിദ്യാർഥികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
യൂണിവേഴ്സിറ്റിക്കു സമീപം പ്രവർത്തിക്കുന്ന ഒരു ബാറിനുമുന്നിൽ വിദ്യാർഥികൾ കൂട്ടംകൂടി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം കോവിഡ് വ്യാപനത്തിന്റെ പേരിൽ കോളജ് തുറന്നു പ്രവർത്തിക്കുന്നതിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമായ മറുപടി നൽകിയില്ല.
രാജ്യത്താകമാനമുള്ള യൂണിവേഴ്സിറ്റികളും കോളജുകളും തുറന്നു പ്രവർത്തിക്കുന്നതിനെകുറിച്ചു ആലോചന നടക്കുന്നുണ്ട്. നോർത്ത് കരോളിന യൂണിവേഴ്സിറ്റിയിൽ ഒരാഴ്ചക്കുള്ളിൽ 135 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നോട്രിഡാം യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾ പഠനം തുടങ്ങുന്നത് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: