തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ അഭിമാനിക്കുന്നതില്‍ കാര്യമില്ലന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാവര്ക്കും വീട് എന്നു പറഞ്ഞ് തുടങ്ങിയ പദ്ധതി നാലര വര്‍ഷം കൊണ്ട് മൂന്നു ഘട്ടമായി നല്കിയ വീടുകളുടെ മൂന്നിരട്ടി ഇനിയും വീടില്ലാത്തവരായി കഴിയുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കേന്ദ്ര/ സംസ്ഥാന ഭവന പദ്ധതികളും ലൈഫ് ഭവന പദ്ധതിയും ലൈഫ് മിഷന് മുഖേന ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പിലാക്കുന്നത്. ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തില്‍ (ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനം) 1,35,769 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തിയിട്ടുണ്ട്.വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കാന്‍ അവസരം നല്കി്. ആഗസ്റ്റ് 1 മുതല്‍ 27 വരെയായിരുന്നു അപേക്ഷിക്കാന്‍ നല്കിയ സമയം. 6,39,857 അപേക്ഷകളാണ് ലഭിച്ചത്. മൂന്നാം ഘട്ടത്തില്‍ 7.75 ലക്ഷം വീടുകളാണ് പണിയേണ്ടത്.
പുതിയ അപേക്ഷയില്‍ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളും ഉള്‍പ്പെടും.
ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ ഭവന പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന വീടുകള്‍ യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു ദൗത്യം. ഒന്നാംഘട്ടത്തില്‍ 52,296 വീടുകള്‍ നിര്‍മിച്ചു.
രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ രേഖാപരിശോധനയിലൂടെ 1,04,159 ഗുണഭോക്താക്കളാണ് അര്‍ഹത നേടി 81,437 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണങ്ങള്‍ക്കു പുറമെ പി.എം.എ.വൈ-ലൈഫ് (അര്‍ബന്‍) പദ്ധതി പ്രകാരം 48,445 വീടുകളും പി.എം.എ.വൈ-ലൈഫ് (റൂറല്‍) പദ്ധതി പ്രകാരം 16,945 വീടുകളും പൂര്‍ത്തീകരിച്ചു. പട്ടികജാതി വകുപ്പിനു കീഴില്‍ 19,247 വീടുകളും പട്ടികവര്ഗവകുപ്പിനു കീഴില്‍ 1,745 വീടുകളും ഫിഷറീസ് വകുപ്പിനു കീഴില്‍ 4,177 വീടുകളും പൂര്‍ത്തിയായി . സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ പൂര്‍ത്തിയാക്കിയത് 2,25,750 വീടുകളും ചിലവഴിച്ചത് 8068.70 കോടിയുമാണ്.
ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തില്‍ (ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനം) 1,35,769 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കായി ഭവന സമുച്ചയങ്ങളോ ഭവനങ്ങളോ നിര്‍മ്മിച്ചു നല്‍കാനാണ് തീരുമാനം. 101 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ നീട്ടിയിട്ടുണ്ട്. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഹെല്പ് ഡെസ്ക് വഴിയോ മറ്റ് ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: