കണ്ണൂർ: കണ്ണൂർ കലക്ട്രേറ്റിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ട്രേറ്റ് മാർച്ചിനുനേരെ പോലീസ് അതിക്രമം. സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിയ സംഭവത്തിൽ മുഖ്യമന്ത്രി രാജിവെക്കണം , സെക്രട്ടറിയേറ്റിൽ പടർന്നുപിടിച്ച തീപിടുത്തം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതയ്‌ക്കെതിരെയുമാണ് ബിജെപി ഇന്ന് രാവിലെ കലക്ടേറ്റിലേക്ക് മാർച്ച് നടത്തിയത്.
ബിജെപി ജില്ലാ കമ്മിറ്റി ആസ്ഥാനമായ മാരാർജി ഭവൻ സ്ഥിതി ചെയ്യുന്ന താളിക്കാവിൽ നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി കലക്ട്രേറ്റ് പടിക്കൽ എത്തിയ ഉടൻ തന്നെ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് ലാത്തി വീശുകയും പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു . നിരവധി ബിജെപി പ്രവർത്തകർക്ക് പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജെപി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സി.സി. രതീഷ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു വളക്കുഴി അടക്കമുള്ള നേതാക്കൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.
യാതൊരു പ്രകോപനവുമില്ലാതെ പോലീസ് നടത്തിയ നര നായാട്ടിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. മാർച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് മോഹനൻ മഞ്ചേരി നന്ദിയും പറഞ്ഞു .
പ്രവർത്തകർ കാൽടെക്സ് ജംഗ്ഷനിൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഉപരോധത്തിൽ പങ്കെടുത്തവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: