അമ്പലവയല്‍: എടക്കല്‍ ഗുഹയുടെ ഇന്നത്തെ അവസ്ഥ പഠിക്കുന്നതിനായി സര്‍ക്കാര്‍ സമിതി രൂപീകരിച്ചതിനെ വയനാട് പ്രകൃതി സംരക്ഷണ സമിതി സ്വാഗതം ചെയ്തു. വളരെ വൈകിപ്പോയ നടപടിയാണിതെന്നും സമിതി യോഗം അഭിപ്രായപ്പെട്ടു.
എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലനിരകളിലെ വന്‍ ഭൂമി കൈയേറ്റങ്ങള്‍, അശാസ്ത്രീയ ഭൂവിനിയോഗവും റോഡു നിര്‍മ്മാണവും ഡിടിപിസിയുടെ അനിയന്ത്രിത ടൂറിസം തുടങ്ങിയവ മൂലം അനുദിനം നാശത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്.മദ്യപരുടെയും ചൂതാട്ട സംഘങ്ങളുടെയും നായാട്ടുകാരുടെയും താവളമായിരുന്നതും കുമിള്‍ പോലെ മുളച്ചുപൊന്തിയ കരിങ്കല്‍ ക്വാറികള്‍ ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ മൂലവും നാശം നേരിട്ടിരുന്ന എടക്കല്‍ ഗുഹയെ സംരക്ഷിക്കാന്‍ 1985 മുതല്‍ വയനാട് പ്രകൃതിസംരക്ഷണ സമിതി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്.
ചരിത്രകാരന്മാരായ ഡോ.എം.ജി.എസ്സ്. നാരായണന്, ഡോ: രാജന് ഗുരുക്കള്‍, ഡോ. എം.ആര് .രാഘവവാര്യര് എന്നിവരുടെ പിന്തുണയോടെ നടത്തിയ സമര പ്രക്ഷോഭങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചെടുത്തിരുന്നു. അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇടപെട്ടാണ് കരിങ്കല്‍ ക്വാറികള്‍ നിരോധിച്ചത്. ഇതെ തുടര്‍ന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ഗുഹ ഏറ്റെടുത്തതും യാതൊരു ചരിത്രബോധവുമില്ലാത്ത ഗുഹയുടെ പ്രാധാന്യം അറിയാത്തവരുമായ ഡിടിപിസിയെ ടൂറിസം നടത്താനായി ഏല്‍പ്പിച്ചു കൊടുത്തതും. കച്ചവട താല്പര്യമല്ലാതെ ഗുഹാ സംരക്ഷണം ഇവരുടെ അജണ്ടയിലേ ഇല്ല.
ഗുഹ സ്ഥിതിചെയ്യുന്ന 20 സെന്റ് സ്ഥലമൊഴിക മറ്റെല്ലാം കൈയേറ്റ മാഫിയയും കച്ചവടക്കാരും കൈയടക്കിക്കഴിഞ്ഞു. ഗുഹയുടെ ഉച്ചിയില്‍ വരെ കെട്ടിടങ്ങളും റിസോര്‍ട്ടുകളും തലങ്ങും വിലങ്ങും റോഡുകളും വന്‍തോതിലുള്ള മരം മുറിയും നടന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷവും ഗുഹക്കടുത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. എടക്കല്‍ ഗുഹയും സമീപത്തുള്ള തൊവരി ചിത്രങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഏറ്റെടുത്ത് നവീകരിച്ച് സംരക്ഷിക്കണമെന്നും ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലനിരകളിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും ഗുഹയുടെ നിലവിലുള്ള സ്ഥിതിയെ പറ്റി വിദഗ്ദ പഠനം വേണമെന്നും അനിയന്ത്രിത ടൂറിസത്തെ വാഹകശേഷി നിര്‍ണ്ണയിച്ച് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്. പ്രകൃതിസംരക്ഷണ സമിതി സര്‍ക്കാറിന്ന് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വിദഗ്ദ സമിതി രൂപീകൃതമായത്. എടക്കല്‍ ഗുഹാ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രശസ്ത ചരിത്ര പണ്ഡിതന് ഡോ: എം.ആര്.രാഘവവാര്യരാണ് സമിതി അധ്യക്ഷന്‍. തോമസ്സ് അമ്പലവയല്‍, എന്‍.ബാദുഷ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: