മുഖം നോക്കാതെ പറയാന്‍ കഴിയുന്നതാണ് ഈ ദുരിതകാലത്തെ ഏക ആശ്വാസം. അത് പലരും ആവുന്നത്ര മുതലാക്കുന്നുമുണ്ട്; സ്ഥാപനങ്ങളിലായാലും പ്രസ്ഥാനങ്ങളിലായാലും വ്യക്തികള്‍ തമ്മിലായാലും. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതാവ് സോണിയയ്ക്കെതിരേ ഗുലാം നബി ആസാദിനെപ്പോലെ എക്കാലത്തും നെഹ്റുക്കുടുംബത്തിലെ പരിചാരകന്മാരായുള്ളവര് ശബ്ദിക്കുമോ? വിശ്വാസവും അവിശ്വാസവും ചര്‍ച്ചയായി. ചിലര്‍ക്കൊക്കെ ആശ്വാസം ഏറെ ഉണ്ടായ ദിവസമായിരുന്നു ആഗസ്റ്റ് 24, തിങ്കളാഴ്ച.
നാല് അവിശ്വാസമായിരുന്നു തിങ്കളാഴ്ച. ഒന്ന് പിണറായി സര്‍ക്കാരിനെതിരേ. രണ്ട് കോണ്‍ഗ്രസ് നേതാവ് സോണിയയ്ക്കെതിരേ. മൂന്ന് സുപ്രീം കോടതിയ്ക്കെതിരേ. നാല് നിയമസഭാ സ്പീക്കര്‍ക്കെതിരേ. മുഖ്യമന്ത്രി പിണറായിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും മുന്നണിയും ചേര്‍ന്നവതരിപ്പിച്ച അവിശ്വാസ പ്രമേയം ചര്‍ച്ചകള്‍ക്കൊടുവില്‍ പരാജയപ്പെട്ടു. പ്രമേയത്തെ നിയമസഭാംഗങ്ങളില്‍ 47 പേര് അനുകൂലിച്ചു, 80 പേര് എതിര്‍ത്തു. ആറുമാസത്തേക്ക് ഇനി ആരും അവിശ്വാസ പ്രമേയത്തെക്കുറിച്ച് പറയില്ലെന്ന് പിണറായിക്കും പാര്‍ട്ടിക്കും ആശ്വസിക്കാം; എട്ടുമാസംകൂടിയേ കമ്യൂണിസ്റ്റുകളുടെ കേരളഭരണത്തിന് ആയുസ്സുള്ളുവെങ്കിലും. അതിനപ്പുറം അവര്‍ക്കൊരു നേട്ടവുമില്ല. അവിശ്വാസത്തില്‍ തോറ്റ പ്രതിപക്ഷത്തിനോ? നേട്ടത്തേക്കാള്‍ കോട്ടമാണ്. കാരണം, ജീവിച്ചിരുന്നെങ്കില്‍, പ്രസംഗത്തിലെങ്കിലും പിണറായി സര്‍ക്കാരിനെ സഭയില്‍ നിര്‍ത്തി പൊരിക്കുമായിരുന്ന കെ.എം. മാണിയുടെ മകനും പാര്‍ട്ടിയിലെ ഒരു കൂട്ടരും അകന്നകന്നു പോയി, ഐക്യമുന്നണിയിലെ അനൈക്യം പ്രകടമായി.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയയ്ക്കെതിരേ പാര്‍ട്ടിയുടെ 51 അംഗ പ്രവര്‍ത്തക സമിതിയില്‍ 23 പേര് നടത്തിയ നീക്കം പരാജയപ്പെട്ടു. താത്ക്കാലിക അധ്യക്ഷ സ്ഥാനത്തുനിന്ന് സ്ഥിരം അധ്യക്ഷയായി സോണിയ. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി, കപില്‍ സിബല്‍ തുടങ്ങിയ 23 ‘പൈലറ്റുമാര്‍’ രൂപപ്പെട്ടുവെന്നല്ലാതെ കോണ്‍ഗ്രസിന് മെച്ചമുണ്ടായിട്ടില്ല. സോണിയ തുടരുന്നു, പാര്‍ട്ടി മുമ്പത്തെ പോലെ തുടരും, 23 പേര് വിമതരായി ചാപ്പകുത്തപ്പെടും എന്നതിനപ്പുറം ഒന്നുമുണ്ടായില്ല. പക്ഷേ, രണ്ട് ആശ്വാസം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ ലോകത്തിനുണ്ടായി. ഒന്ന്, പ്രിയങ്കാ വാദ്രയായിരിക്കും 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ്, രണ്ട്, കോണ്‍ഗ്രസില്‍ ഇനിയും കൂടുതല്‍ ‘പൈലറ്റുമാര്‍’ പിറക്കും. കൂറെവിടെ എന്നറിയാതെ അവരെ ചുമന്ന് പാര്‍ട്ടി വിയര്‍ക്കും.
മൂന്നാമതൊരു അവിശ്വാസം സുപ്രീംകോടതി നടപടികള്‍ക്കെതിരേ കേരള ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയമായിരുന്നു. സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വോട്ടെടുപ്പില്‍ കൗണ്‍സില്‍ പ്രമേയത്തിനെതിരേ 35 ശതമാനം പേര് വോട്ടുചെയ്തു. പ്രശാന്ത് ഭൂഷണ് എന്ന അഭിഭാഷകന്, സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരേ നടത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്നായിരുന്നു സുപ്രീം കോടതി നടപടി. വിമര്‍ശനം പിന്‍വലിക്കാനോ തിരുത്താനോ എല്ലാം അവസരം കൊടുത്തിട്ടും അഭിപ്രായം ഇരുമ്പുലക്കയാണെന്ന നിലപാടില്‍ തുടര്‍ന്നതാണ് നടപടിക്ക് കാരണം. രാജ്യത്തെ മറ്റ് ഹൈക്കോടതി ബാര്‍ കൗണ്‍സിലുകള്‍ സുപ്രീംകോടതി നടപടിക്ക് അനുകൂലമായി പ്രമേയം പാസാക്കി. കേരളം, കോടതി നടപടിയെ എതിര്‍ത്ത്, വിമര്‍ശിച്ച്, സൂക്ഷ്മ വിശകലനം നടത്തിയാല്‍ മറ്റൊരു കോടതിയലക്ഷ്യക്കേസിന് സാധ്യതവരുത്തിവെച്ചുള്ളതാണ് പ്രമേയം. ഗുണപരമായി ഒരു പ്രസക്തിയുമില്ലാത്ത പ്രമേയം. പക്ഷേ, ഇതാദ്യമായി 35 ശതമാനം അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തുവെന്നതാണ് ആശ്വാസം.
സ്വര്‍ണക്കടത്തുകേസില്‍ പ്രതികളുമായുള്ള ബന്ധങ്ങളുടെ പേരില്‍ വിവാദത്തിലായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സാങ്കേതിക കാര്യങ്ങളുടെ പേരില്‍ പരിഗണിക്കപ്പെട്ടില്ല. ആശ്വാസം ജനാധിപത്യത്തിനും സംസ്ഥാനത്തിനും തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: