ന്യൂദല്‍ഹി : തമിഴ്നാട് സ്വദേശിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് അണ്ണാമലൈ കുപ്പുസ്വാമി ബിജെപിയില്‍ ചേര്‍ന്നു. പോലീസ് സര്‍വീസില്‍ ഇരിക്കേ സിങ്കം എന്ന വിളിപ്പേരിലാണ് അണ്ണാമലൈ അറിയപ്പെട്ടിരുന്നത്.
ദല്‍ഹി ബിജെപി ആസ്ഥാനത്തിലെത്തി ദേശീയ ജനറല്‍ സക്രട്ടറി മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലാണ് അണ്ണാമലൈ ബിജെപിയില്‍ ചേര്‍ന്നത്. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുഗനും സന്നിഹിതനായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാജ്യത്തോട് സ്നേഹമുള്ളയാളാണ് താന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധനയോടെ കാണുന്ന വ്യക്തിയാണ് താനെന്നും അംഗത്വമെടുത്തശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയില്‍ സ്വജന പക്ഷപാതമില്ല. ബിജെപിക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ താന്‍ തയ്യാറാണെന്നും അണ്ണാമലൈ പറഞ്ഞു. ബിജെപിയിലേക്കുള്ള അണ്ണാമലൈയുടെ പ്രവേശനത്തെ കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ. സുധാകറും സ്വാഗതം ചെയ്തു. കര്‍ണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അണ്ണാമെലൈ. ഒമ്പത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം 2019ലാണ് അണ്ണാമലൈ സര്‍വീസില്‍ നിന്ന് രാജിവെച്ചത്.
അതിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ 2021 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും തമിഴ്നാട് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നിലവിലെ സമ്പ്രദായങ്ങളില്‍ മാറ്റം വരുത്താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നായിരുന്നു അണ്ണാമലൈ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മത്സരിക്കുന്നത് എങ്ങനെയാവുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ബെംഗളൂരു സൗത്തിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെയാണ് 2019ലാണ് അണ്ണാമലൈ രാജി വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: