കോട്ടയം: തിരുനക്കര സ്വദേശി രാജേഷ് പി.എസ് (ശ്രീരാമന്) വധക്കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികള്‍. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് (ഇഡി) ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ഉടന്‍ കൈമാറും.
കോട്ടയം പുതിയതൃക്കോവില്‍ ശിവ നിവാസില്‍ രാജേഷിന് പൂക്കച്ചവടവും സ്വകാര്യ വ്യക്തിയുടെ പലിശ പിരിക്കലുമായിരുന്നു തൊഴില്‍. ഭീകരവാദവുമായി ബന്ധമുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാജേഷ് വധക്കേസ് പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് എന്‍ഐഎയ്ക്കും സൂചന ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം കോട്ടയത്തേക്കുമെത്തി. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം എന്‍ഐഎ ശേഖരിച്ചതായാണ് വിവരം.
കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രധാനമായും കള്ളക്കടത്ത് നടത്തിയതെന്നാണ് വിവരം. ഇവര്‍ മലബാര്‍ മേഖലയില്‍ തന്നെ ക്രയവിക്രയം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സ്വരൂപിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം വിനിയോഗിച്ചിട്ടുണ്ടാകാമെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ട്. ഈ സംഘവുമായി ബന്ധമുള്ളവര്‍ തന്നെയാണ് ഇഡിക്ക് വിവരങ്ങള്‍ കൈമാറുന്നത്. നിലവില്‍ എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു.
സംസ്ഥാന പോലീസിലെ ഒരു എഎസ്ഐയ്ക്കും ഇതുമായി ബന്ധമുണ്ടെന്നും സൂചന. രാജേഷിനെ 2012-ലാണ് വധിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് അന്വേഷിച്ച കേസ് 2013 ജൂണില്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പിന്നീട് കേസ് ഇഴഞ്ഞു നീങ്ങുകയാണ്.
ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളുമായി കേസിലെ പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: