തിരുവനന്തപുരം : കള്ളക്കടത്ത് സംഘം വര്‍ഷം തോറും കോടികളുടെ സ്വര്‍ണമാണ് സംസ്ഥാനത്തേയ്ക്ക് ഒഴുക്കിക്കൊണ്ടിരുന്നതെന്ന്. ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും കേരളത്തിലേക്കുള്ള വിമാനത്താവളങ്ങള്‍ വഴിയാണെന്നും റിപ്പോര്‍ട്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവര്‍ അന്വേഷണം സംഘത്തിന് മുമ്പാകെ നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഹവാല ഇടപാടുകള്‍ വഴിയാണ് സ്വര്‍ണക്കടത്തിനായുള്ള പണം പ്രതികള്‍ കണ്ടെത്തിയത്. വിദേശത്ത് ജോലി ചെയ്യുന്നവരില്‍ പലരും ബന്ധുക്കള്‍ക്ക് പണം എത്തിക്കാന്‍ ഹവാല ഇടപാടുകാരെ അശ്രയിക്കുന്നുണ്ട്. ‘ഹുണ്ഡിക’ എന്ന പേരിലാണ് ഇതിനെ അറിയപ്പെടുന്നത്. ഇതില്‍ കിട്ടേണ്ട ആളുടെ ഫോണ്‍ നമ്പരും രഹസ്യ കോഡും തുകയും കേരളത്തിലുള്ള ഹവാല ഇടപാടുകാരെ അറിയിക്കും.
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനാണ് വിദേശത്തു നിന്നും ലിസ്റ്റ് ലഭിക്കുക. പണം നല്‍കുന്നത് ചില ജൂവലറികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂവലറികളില്‍ ബില്ലില്ലാതെ നടത്തുന്ന കച്ചവടത്തില്‍ നിന്നുള്ള പണമാണ് ഉപയോഗിക്കുന്നത്. കള്ളക്കടത്തായി കൊണ്ടു വരുന്ന സ്വര്‍ണമാണ് പകരമായി ജൂവലറികള്‍ക്ക് കിട്ടുക.
അതിനിടെ തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ നാലുപേര്‍ കൂടി എന്‍ഐഎ പിടിയിലായി. കസ്റ്റംസ് അറസ്റ്റ് ചെയ്ത അബ്ദുള്‍ ഹമീദ്, അബുബക്കര്‍, ഷമീം എം.എ., ജിപ്സല്‍ സി.വി. എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്ത് കേസില്‍ പ്രതി ചേര്‍ത്തത്. ഇന്ന് റിമാന്‍ഡ് കാലാവധി കഴിയുന്ന പ്രതികളെ കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയുന്ന കോടതിയില്‍ ഹാജരാക്കും. കെ.ടി. റമീസ് ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കുന്നത്. വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പ്രതികളെ ഹാജരാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: