തളിപ്പറമ്പ്: കഴിഞ്ഞ വര്‍ഷം നിയമനം ലഭിച്ച മൂവായിരത്തിലേറെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ഈ വര്‍ഷവും നിയമന അംഗീകാരമില്ല. ധനവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നിയമനം വൈകുന്നത്. നിയമന അംഗീകാരത്തിന് മാത്രമായി തുടങ്ങിയ സമന്വയ പോര്‍ട്ടലില്‍ കഴിഞ്ഞ എട്ട് മാസമായി സ്തംഭിച്ചു. ഇതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഇത്തവണയും ശമ്പളം ലഭിക്കില്ല.
കഴിഞ്ഞ അധ്യയനവര്‍ഷം അധ്യാപകവിദ്യാര്‍ത്ഥി അനുപാതം കുറച്ചതോടെ നിരവധി എയ്ഡഡ് സ്കൂളുകളില്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. ഇവര്‍ക്ക് ഇതുവരേയും സര്‍ക്കാര്‍ നിയമന അംഗീകാരം നല്‍കിയിട്ടില്ല. എല്‍പിയില്‍ 30 കുട്ടികളില്‍ കൂടുതലും യുപിയില്‍ 35 കുട്ടികളില്‍ കൂടുതലുമുണ്ടെങ്കില്‍ അധിക ഡിവിഷന് എന്ന തരത്തിലാണ് എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക നിയമനം നടത്തിയത്. എന്നാല്‍ ഇത് ധനവകുപ്പ് അംഗീകരിക്കുന്നില്ല.
എല്‍പിയില്‍ 36 കുട്ടികളും യുപിയില്‍ 41 കുട്ടികളുമുണ്ടെങ്കില്‍ അധിക ഡിവിഷന് മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഇതോടെയാണ് നേരത്തെ നിയമനം ലഭിച്ചവര്‍ പ്രതിസന്ധിയിലായത്. മാത്രമല്ല അധ്യാപക നിയമന അംഗീകാരത്തിനായി മാത്രം തുടങ്ങിയ സമന്വയ പോര്‍ട്ടലില്‍ കഴിഞ്ഞ ജനുവരി മുതല്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. നിയമന അംഗീകാരത്തിനുള്ള ഫയല്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയെങ്കിലും ധനവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പിന് നിയമനം നടത്താന്‍ കഴിയുന്നില്ല. ഇതോടൊപ്പം വിരമിക്കല്‍, പ്രൊമോഷന് തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്കും അംഗീകാരം നല്‍കിയിട്ടില്ല.
കഴിഞ്ഞ ക്യൂഐപി യോഗത്തിലും അധ്യാപക സംഘടനകള്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ധനകാര്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് നിയമന അംഗീകാരം നല്കിയാല് നിയമനം ലഭിച്ച ആയിരത്തിലധികം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: