തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണിപ്പോഴത്തേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഴിമതികളുടെ മുഴുവന്‍ പ്രഭവ കേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസാണ്.കൊള്ള സംഘത്തിന്റെ ഭരണമാണ്. യഥാര്‍ത്ഥ മന്ത്രിമാര്‍ ശിവശങ്കറും സ്വപ്നയും മറ്റ് ചില ഉദ്യോഗസ്ഥന്മാരും മാത്രമാണ്. ഇടതുമുന്നണി യോഗം പോലും സംസ്ഥാനത്ത് ചേരുന്നില്ല. ഇത് രാജഭരണമാണ്.. കൊവിഡിന്റെ മറവില്‍ നടക്കുന്നതെല്ലാം അഴിമതികളാണ്. ശിവശങ്കറിനെ കാനം ആട്ടിപുറത്താക്കിയിട്ടും സി.പി.ഐ പറഞ്ഞത് മുഖ്യമന്ത്രി കേട്ടിട്ടില്ല. മദ്യ മുതലാളിയ്‌ക്ക് വേണ്ടി കോടികളാണ് ഒഴുക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ എന്ന പൊന്മുട്ടയിടുന്ന താറാവിനെ സര്‍ക്കാര്‍ കൊന്നു. ഭരണത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ള്‍ട്ടന്‍സി രാജാണ് ഇവിടെ അരങ്ങേറുന്നത് അവിശ്വാസ പ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് ചെന്നിത്തല പറഞ്ഞു
അവതാരങ്ങളുടെ ആറാട്ടാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അപ്പോയ്‌മെന്റില്ലാതെ എം.എല്‍.എമാര്‍ക്ക് പോലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോവാനാകില്ല. ശിവശങ്കറിന് ആറാടാന്‍ അവസരം കൊടുത്തതിന്റെ ധാരാളം കഥകള്‍ സെക്രട്ടേറിയേറ്റിന്റെ ഇടനാഴിയില്‍ കേള്‍ക്കുന്നുണ്ട്. ക്ലിഫ് ഹൗസില്‍ ഇടിവെട്ടിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി അവിടെ നടന്ന കാര്യങ്ങള്‍ ഒളിപ്പിക്കാനാണ് ശ്രമിച്ചത്.
ഈ ഭരണത്തെപ്പറ്റി കോടിയേരിക്ക് ചുക്കും ചുണാമ്പും അറിയില്ല. മുഖ്യമന്ത്രിയുടെ വകുപ്പിലാണ് അഴിമതികളെല്ലാം നടക്കുന്നത്. വെട്ടിപ്പ് നടത്തിയ ഡി.ജി.പി മാന്യനായി നടക്കുകയാണ്. ഉമ്മന്‍ചാണ്ടി പാവപ്പെട്ടവര്‍ക്ക് വീട് വച്ച് കൊടുത്തപ്പോള്‍ ഞങ്ങളാരും കൊട്ടിഘോഷിച്ച് നടന്നില്ല. മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോയപ്പോള്‍ എന്തിനാണ് ശിവശങ്കറും സ്വപ്നയും വിദേശത്തേക്ക് പോയതെന്ന് വ്യക്തമാക്കണം.
എ.സി മൊയ്തീന്റെ കൈകള്‍ പരിശുദ്ധമല്ല. ലൈഫ് മിഷന്‍ ധാരണപത്രം ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി ഇതുവരെ തന്നില്ല.
കിഫ്ബിയിലെ സി.ഇ.ഒയ്‌ക്ക് കേരളത്തിലെ ചീഫ് സെക്രട്ടറിയെക്കാള്‍ ശമ്പളമുണ്ട്. പിണറായി വിജയനും ഇടതുമുന്നണിയും ഉള്ളതു കൊണ്ടാണ് ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നത്. ചെയ്യേണ്ടത് ഒന്നും സര്‍ക്കാര്‍ ചെയ്തില്ല. ആറ് മാസമായി കാനം രാജേന്ദ്രന്‍ മിണ്ടിയിട്ടില്ല. ചെന്നിത്തല ആരോപിച്ചു.
പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റല്ല
ഒരു വിദേശകാര്യമന്ത്രി സ്വന്തം മന്ത്രിസഭയിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പി.ടി തോമസ് പറഞ്ഞു.കെ.ടി ജലീല്‍ വിശുദ്ധ ഖുറാനുമായി തെക്കുവടക്ക് നടക്കുകയാണ്. ആണത്തമുള്ള ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കില്‍ പിണറായി നഗ്‌നനാണ് എന്ന് വിളിച്ച് പറയണമെന്നും പി.ടി തോമസ് പറഞ്ഞു.
ശിവശങ്കറിന്റെ കുറ്റം സര്‍ക്കാരിന്റെ തന്നെ കുറ്രമാണ്. കൊവിഡ് പ്രതിരോധിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സര്‍ക്കാര്‍ നടത്തിയത്. ഉത്തരങ്ങളെ പേടിച്ച് മുഖ്യമന്ത്രി ക്വാറന്റൈനില്‍ പോയി. ശ്രീവാസ്വയെ പിണറായി മടിയില്‍ എടുത്ത് വച്ച് ലാളിക്കുകയാണ്. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റല്ല. കേരളത്തിലെ അമ്പത് വന്‍കിട മില്ലുകാര്‍ക്ക് 73 കോടിയുടെ ലാഭം സര്‍ക്കാര്‍ ഉണ്ടാക്കി കൊടുത്തിരിക്കുകയാണ്. അലന്‍ താഹമാരെ എന്‍.ഐ.എക്ക് കൊടുത്ത സര്‍ക്കാരാണിത്. ചക്രവ്യൂഹത്തില്‍ അകപ്പെട്ട മുഖ്യമന്ത്രിയായി ഇരിക്കുന്നതിനെക്കാള്‍ നല്ലത് പിണറായി രാജിവച്ച് പോവുകയാണെന്നും പി.ടി തോമസ് പറഞ്ഞു.
ഖുറാന്‍ വിതരണം ചെയ്യാന്‍ മന്ത്രിമാരെ ഗവര്‍ണര്‍ ചുമതലപ്പെടുത്തിയിട്ടില്ല
വിജയന്‍ എന്ന പേര് വിജയത്തിനല്ല പരാജയത്തിനാണെന്ന് മുഖ്യമന്ത്രി ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു ഓരോ വിഷയത്തിലും ശിവശങ്കറിനെ രണ്ട് ചിറകിലും മുഖ്യമന്ത്രി ഒളിപ്പിച്ച് വച്ചു. ഏതായാലും നാലര വര്‍ഷം ശിവശങ്കറാണ് ഭരിച്ചത്. പിന്നെ ആറ് മാസക്കാലത്തേക്ക് എന്തിനാണ് പിണറായി ഭരണം ഏറ്റെടുത്തത്. ഭരണപക്ഷത്തിന് ബി.പി ഫോബിയ ആണ്. ഭരണം പോകുമെന്ന ഫോബിയ ആണത്. പഞ്ചായത്തുകളില്‍ വീടുകള്‍ കിട്ടാത്തതിന്റെ പേരില്‍ ആളുകള്‍ നെട്ടോട്ടം ഓടുകയാണെന്നും മുനീര്‍ ആരോപിച്ചു.
റൂള്‍സ് ഓഫ് ബിസിനസില്‍ ഖുറാന്‍ വിതരണം എന്ന് കണ്ടിട്ടില്ല. ഖുറാന്‍ വിതരണം ചെയ്യാന്‍ മന്ത്രിമാരെ ഗവര്‍ണര്‍ ചുമതലപ്പെടുത്തിയിട്ടില്ല. കൊവിഡ് മറവില്‍ നടന്നുകൊണ്ടിരിക്കുന്നത് കൊള്ളയാണ്. പി.പി.ഇ കിറ്റുകള്‍ ടെന്‍ഡര്‍ പോലുമില്ലാതെയാണ് വാങ്ങുന്നത്. അതേസമയം തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വെട്ടികുറച്ചു. ധനകാര്യമന്ത്രി നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ധനമന്ത്രിക്ക് ഉണ്ടായ ദുര്യോഗത്തില്‍ പ്രതിപക്ഷം ദു:ഖം രേഖപ്പെടുത്തുന്നുവെന്നും മുനീര്‍ പറഞ്ഞു.
കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പാക്കാം
കൊവിഡിന് മുമ്പ് ക്വാറന്റൈന്‍ കണ്ടുപിടിച്ച മുഖ്യമന്ത്രിയാണ് പിണറായിയെന്ന് കെ.എം ഷാജി. ആദ്യം വി.എസ് അച്യുതാനന്ദനെയും പിന്നെ പാര്‍ട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി. കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീല്‍. ശൈലജ ടീച്ചറും ചന്ദ്രശേഖനും മുഖ്യമന്ത്രിക്ക് വലത്തും ഇടത്തും ഇരുന്ന് പ്രാണായാമം നടത്തുകയാണ്. അഴിമതിയുടെ നാറ്റം നാല് കൊല്ലം സഹിച്ചിട്ട് അവസാനം മറ്റൊരു മന്ത്രി ഭയങ്കര സുഗന്ധം എന്നാണ് പറയുന്നത്.
റേഷന്‍ ഷാപ്പിലെ ശര്‍ക്കര വാരി അഴിമതി നടത്തിയ സര്‍ക്കാരാണിത്. തന്നെപ്പറ്റി മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.. മുഖ്യമന്ത്രിയാണ് പ്രധാന പ്രതി. ചോദ്യങ്ങളോട് പ്രധാനമന്ത്രി കാട്ടുന്ന അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കുമുള്ളത്. എതിരാളികളെ കൂടി തകര്‍ക്കുന്ന സര്‍ക്കാരാണിതെന്നും ഷാജി പറഞ്ഞു.
















