തൃശൂര്‍: കൈപ്പമംഗലം മൂന്നുപീടികയിലെ ജൂവലറി കവര്‍ച്ച നാടകം. ഇതോടെ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ജ്വല്ലറിയില്‍ സ്വര്‍ണം ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യംചെയ്തതില്‍ നിന്നാണ് ഈ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. ഇതോടെ കവര്‍ച്ച നാടകമാണെന്ന നിഗമനത്തിലാണ് പോലീസ് ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ട്.
എന്നാല്‍ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. കടയിലെ സെയില്‍സ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങള്‍ സ്വര്‍ണമായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.ആറുകിലോ സ്വര്‍ണം സ്റ്റോക്കുണ്ടെന്നു കാണിച്ച് ബാങ്കില്‍നിന്ന് ഉടമ വന്‍തുക വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. സ്വര്‍ണം നഷ്ടപ്പെട്ടതായി കാണിച്ച് വായ്പതിരിച്ചടവില്‍നിന്ന് രക്ഷപ്പെടാനായി കെട്ടിച്ചമച്ച കഥയാണോ മോഷണമെന്നാണ് പോലീസ് സംശയിക്കുന്നത്. നിരവധിയാളുകളില്‍നിന്നും പണം നിക്ഷേപമായി സ്വീകരിച്ചിട്ടുള്ളതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് ജ്വല്ലറി മോഷണക്കഥ പുറത്തറിയുന്നത്. ആറുമാസമായി കച്ചവടവും ആളനക്കവുമില്ലാതെ കിടന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറി കുത്തിത്തുരന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്നുവെന്നായിരുന്നു പരാതി. രാവിലെ കടതുറന്ന ഉടമയും മാനേജരും ഭിത്തി തുരന്നതായി കണ്ടെന്നും ഉടന്‍ പോലീസില്‍ പരാതി നല്‍കിയെന്നുമായിരുന്നു വിവരം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂന്നുകിലോ 120 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് ഉടമ പോലീസിന് മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: