തൃശൂര്‍: പൊന്നുണ്ണികണ്ണന് പത്തിലകറിയും, ഉപ്പുമാങ്ങയും, പുത്തരിചോറും ഒപ്പം നെയ്യപ്പവും നിവേദിച്ച് ഗുരുവായൂരില്‍ തൃപ്പുത്തരി ചടങ്ങ് സമുചിതമായി ആഘോഷിച്ചു. രാവിലെ 8.35നും 9.55നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു തൃപ്പുത്തരി ആഘോഷങ്ങള്‍. പത്തുകാര്‍ വാര്യര്‍ അളവുപാത്രം കൊണ്ട് 41 നാരായം പുന്നെല്ല് കുത്തിയുണക്കി ഉണ്ടാക്കിയ കുത്തരി അളന്നുചൊരിഞ്ഞു ക്ഷേത്രം കീഴ്ശാന്തിമാര്‍ തിടപ്പള്ളിയില്‍ തയ്യാറാക്കി പ്രസാദം ക്ഷേത്രം തന്ത്രി ഭഗവാന് പൂജ ചെയ്തു. തൃപ്പുത്തരി ചടങ്ങിനും ഉച്ചപൂജയ്ക്കും തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഉച്ചപൂജയ്ക്കു നടന്ന പുത്തരി നിവേദ്യത്തിനുശേഷം ഉച്ച ശീവേലിയും നടന്നു. വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് തന്ത്രി ഉച്ച:പൂജയും ബലികല്ലില് ദേവഗണങ്ങള്‍ക്ക് ഹവിസ്സു തൂവുതും നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ രാത്രി അത്താഴപൂജയ്ക്കാണ് നെയ്യപ്പം നിവേദിയ്ക്കുതെങ്കിലും തൃപ്പുത്തരി ദിവസം ഉച്ച:പൂജയ്ക്കാണ് ഭഗവാന് നെയ്യപ്പം നിവേദിയ്ക്കുന്നത്. തൃപ്പുത്തരി ദിനമായ ഇന്നലെ ക്ഷേത്രത്തില്‍ ശ്രീഗുരുവായൂരപ്പന്റെ വകയായി നമസ്ക്കാര സദ്യയുമുണ്ടായി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് പുത്തരിപായസം നിവേദ്യമായി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: