കൊച്ചി: കള്ളക്കടത്തുകേസിലെ കുറ്റാരോപിതര്‍ വിശുദ്ധഗ്രന്ഥവും മതവേഷവും ദുര്‍വിനിയോഗിക്കുന്നതില്‍ ഇസ്ലാമിക വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷം. ഇക്കാര്യത്തില്‍ മത പണ്ഡിതന്മാര് ഫത്വയോ ശാസനയോ പുറപ്പെടുവിക്കാത്തതെന്താണെന്ന ചര്‍ച്ചയും സമുദായത്തിലും സമൂഹത്തിലും വ്യാപകമാകുന്നു.
കേന്ദ്ര ധനമന്ത്രാലയം സംശയിച്ചിരിക്കുന്ന മന്ത്രി കെ.ടി. ജലീല്‍ സ്ഥാനത്തും അസ്ഥാനത്തും ഖുറാനെ മറയാക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഭരണഘടന പ്രകാരമുള്ള ചട്ടവും നിയമവും ലംഘിച്ച് യുഎഇ സഹായം വിതരണം ചെയ്തത് വിവാദമായപ്പോള്‍ അത് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിലെ സക്കാത്തായിരുന്നുവെന്ന് ആദ്യം ന്യായം പറഞ്ഞു. പിന്നീട് സക്കാത്തു വിതരണത്തില്‍ ഖുറാന് ഉള്‍പ്പെട്ട സഞ്ചിയായിരുന്നുവെന്ന് വിശദീകരിച്ചു. ഒടുവില്‍ സംശയകരമായി കടത്തിയ 28 പാക്കറ്റുകളും ഖുറാന് ആയിരുന്നുവെന്നാണ് വാദിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രികൂടിയായ മന്ത്രി ജലീലിന്റെ ഈ നിലപാടുകളും വിശദീകരണങ്ങളും വിശ്വാസ വിരുദ്ധമാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
മുഖവും കൈത്തലവുമൊഴികെ മറച്ചുവേണം സ്ത്രീകളുടെ വേഷം എന്ന സമുദായ ചട്ടത്തെ തുടര്‍ന്ന് രണ്ടു പതിറ്റാണ്ടോളമായി കേരളത്തിലും ഹിജാബും നിജാബും ബുര്‍ഖയും വ്യാപകമായി. സ്കൂളിലും തഖിയാ (തൊപ്പി)യും ഹിജാബും ധരിക്കുന്നത് മത വിശ്വാസവും അവകാശവുമായി ഉയര്‍ത്തി അനുമതി നേടി. ഈ സാഹചര്യത്തില്‍ ഇസ്ലാം മതവുമായി ചേര്‍ത്ത് തിരിച്ചറിയപ്പെടുന്ന ഹിജാബും ബുര്‍ഖയും ധരിച്ച് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പൊതു സ്ഥലത്ത് വരുന്നതും സമുദായത്തിനിടയില്‍ ചര്‍ച്ചയാണ്. സ്വപ്ന സുരേഷ് മതപരിവര്‍ത്തനം നടത്തിയിരുന്നുവെന്നും മുംതാസ് ഇസ്മയില്‍ എന്നാണ് പുതിയ പേരെന്നും വാര്‍ത്ത പരന്നെങ്കിലും അത് ശരിവെക്കാന്‍ തെളിവില്ല. ഈ സാഹചര്യത്തില്‍ സ്വപ്ന ബുര്‍ഖയും ഹിജാബും ഉപയോഗിക്കുന്നത് ഒളിക്കാനുള്ള വസ്ത്രമെന്ന നിലയിലുള്ള ദുരുപയോഗമാണെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: