കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പുതിയ കോഴ്‌സ് ആരംഭിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ അടുത്ത അനുയായിയെ പ്രൊഫസറായി നിയമിക്കാന്‍ വീണ്ടും നീക്കം. നേരത്തെ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ശ്രമം പരാജയപ്പെട്ടത്. എന്നാല്‍ എതിര്‍പ്പുന്നയിച്ച സിന്‍ഡിക്കേറ്റംഗങ്ങള്‍ വിരമിച്ചതോടെ അടുത്ത സിന്‍ഡിക്കേറ്റില്‍ അംഗീകാരം നേടിയെടുക്കാനാണ് ശ്രമം.
ഈ അടുത്ത കാലത്ത് കേരളത്തിന് പുറത്തു നിന്നുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് പിഎച്ച്ഡി നേടിയ സര്‍വകലാശാലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് കോഴ്‌സ് ആരംഭിക്കാനുള്ള നീക്കം. അടുത്ത വര്‍ഷം വിരമിക്കുന്ന ഈ ഉദ്യോഗസ്ഥന് കോഴ്‌സിന്റെ ചുമതല നല്‍കി അധ്യാപക തസ്തിക നല്‍കിയാല്‍ 62 വയസ് വരെ ഇദ്ദേഹത്തിന് മൂന്നിരട്ടി ശമ്പളത്തില്‍ സര്‍വകലാശാലയില്‍ തുടരാം. ഇതിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ നിന്ന് ചില രേഖകള്‍ ഈ ഉദ്യോഗസ്ഥന്‍ സംഘടിപ്പിച്ചതായും പറയുന്നു.
കഴിഞ്ഞ സിന്‍ഡിക്കേറ്റില്‍ അജന്‍ഡയ്‌ക്ക് പുറത്തുനിന്നുള്ള വിഷയമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, രണ്ട് അംഗങ്ങള്‍ പിന്നാമ്പുറ നിയമനത്തെ ശക്തമായി എതിര്‍ത്തതോടെ ഈ നീക്കം തത്കാലം മാറ്റിവച്ചു. ഈ സിന്‍ഡിക്കേറ്റംഗങ്ങളുടെ കാലാവധി അവസാനിച്ചതോടെയാണ് അടിയന്തര പ്രാധാന്യത്തോടെ അടുത്ത സിന്‍ഡിക്കേറ്റില്‍ വിഷയം കൊണ്ടുവരാനുള്ള ശ്രമം. പുതിയ സാഹചര്യത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും പാസ്സാക്കിയെടുക്കാമെന്നുമാണ് കണക്കുക്കൂട്ടല്‍.
നാക് അക്രഡിറ്റേഷന്‍ നഷ്ടമായ ഈ സാഹചര്യത്തില്‍ പുതിയ കോഴ്‌സ് തുടങ്ങി ചിലരെ കുടിയിരുത്താനുള്ള നീക്കത്തില്‍ ഇടത് അധ്യാപകര്‍ക്ക് തന്നെ ശക്തമായ എതിര്‍പ്പുണ്ട്. അനാവാശ്യ കോഴ്‌സുകള്‍ നാക് അക്രഡിറ്റേഷന്‍ വീണ്ടും ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് ഇവര്‍ ചുണ്ടിക്കാട്ടുന്നു. ഈ അടുത്ത കാലത്ത് ലൈബ്രറി ജീവനക്കാരായ നിരവധിപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യുദ്ധകാലടിസ്ഥാനത്തില്‍ പിഎച്ച്ഡി നേടിയിരുന്നു. സര്‍വകലാശാലയുടെ മുഴുവന്‍ സംവിധാനങ്ങളുമുപയോഗിച്ചാണ് ഇവര്‍ ഇത് നേടിയതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.
ലൈബ്രറി സയന്‍സ് കോഴ്‌സ്, മാനുസ്‌ക്രിപ്‌റ്റോളജി ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി എന്ന പേരിലവതരിപ്പിച്ച് കോഴ്‌സ് ആരംഭിച്ച്, ഇവരെയെല്ലാം അധ്യാപകരാക്കാനാണ് നീക്കം. അധ്യാപക തസ്തികകളില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി പിന്നിട്ട ഇവരെ പിന്‍വാതിലിലൂടെ നിയമിക്കും. ഇതിലൂടെ യുജിസി ശമ്പള സ്‌കെയിലില്‍ 62 വയസ് വരെ ഇവര്‍ക്ക് തുടരാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിഎച്ച്ഡി ലഭിച്ചപ്പോള്‍ നടത്തിയ ആഘോഷത്തില്‍ ഇത്തരമൊരു ഉറപ്പ് വൈസ് ചാന്‍സലര്‍ നല്‍കിയതായാണ് പറയപ്പെടുന്നത്. വിവിധ കോഴ്‌സുകളുടെ പേരില്‍ സര്‍വകലാശാലയില്‍ തുടരുന്ന എസ്എഫ്‌ഐക്കാരെ ഈ കോഴ്‌സില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പാക്കാമെന്നുമാണ് കണക്കുക്കൂട്ടല്‍.
കമ്പ്യൂട്ടര്‍വത്കരണത്തിന്റെയും മറ്റും മറവില്‍ താത്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിരവധി സിപിഎമ്മുകാരെയാണ് തിരുകിക്കയറ്റിയിട്ടുള്ളത്. ശമ്പളയിനത്തില്‍മാത്രം കോടികളാണ് സര്‍വകലാശാല ഇതിലൂടെ ചെലവഴിക്കുന്നത്. എന്നാല്‍, സംസ്‌കൃതവുമായി ബന്ധപ്പെട്ട യാതൊരു ഗവേഷണ കോഴ്‌സുകളും ആരംഭിക്കാന്‍ സര്‍വകലാശാല തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: