മാനന്തവാടി: ഒരിടവേളക്ക് ശേഷം വടക്കെ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. മവോ സാന്നിധ്യത്തോടൊപ്പം ഗുണ്ടാ അക്രമിസംഘങ്ങളും ജില്ലയെ പിടിമുറുക്കുന്നു. ഇത്തരം സംഭവങ്ങള്‍ പോലീസിന് ചെറിയ തലവേദനയല്ല സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ആഴ്ച അടുത്തടുത്ത ദിവസങ്ങളിലായി വെള്ളമുണ്ടയിലും നിരവില്‍ പുഴയിലും മാവോസാന്നിധ്യമുണ്ടായിരുന്നു. കുഞ്ഞോം മുണ്ടക്കൊമ്പ് കോളനിയിലെത്തിയ ആയുധധാരികളായ സംഘം കോളനിക്കാരില്‍ നിന്നും അരിയും സാധനങ്ങളും ശേഖരിച്ചു മടങ്ങി. ഇന്നലെ പുലര്‍ച്ചെ വെള്ളമുണ്ട കിണറ്റിങ്ങലില്‍ പോലീസുകാര്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്നതും തലപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്നും കേവലം 500 മീറ്റര്‍ മാത്രം ദൂരെയുള്ളതുമായ മെസ്ഹൗസിനോട് ചേര്‍ന്ന കടയുടമയുടെ വീട്ടിലാണ് സായുധരായ നാലംഗ സംഘം മാവോയിസ്റ്റുകള്‍ എത്തിയത്.
മെസ് ഹൗസ് നടത്തുന്ന വീട്ടമ്മ റൈഹാനത്തും മക്കളുമാണ് ഇവിടെയുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന്റെ കോളിംഗ് ബെല്ലമര്‍ത്തി വീട്ടുകാരെ ഉണര്‍ത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘം ഭക്ഷണവും അരിയും ആവശ്യപ്പെട്ടു. എന്നാല്‍ വാതില്‍ തുറക്കാതെ അകത്തിരുന്ന് പോലീസുമായി ബന്ധപ്പെട്ട വീട്ടമ്മ പോലീസ് നിര്‍ദ്ദേശപ്രകാരം പുറത്തെ ലൈറ്റിട്ടപ്പോള്‍ സംഘം പുറത്തേക്ക് പോവുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന റൊട്ടിയുടെ ബാക്കി ഭാഗം വീട്ടുമുറ്റത്തുപേക്ഷിച്ചാണ് ഇവര്‍ മടങ്ങിയത്. തുടര്‍ന്ന് പോലീസെത്തി പ്രാഥമികപരിശോധനകള്‍ നടത്തി വീട്ടമ്മയുടെ മൊഴിയെടുത്തു.
കഴിഞ്ഞ ദിവസം നിരവില്‍പ്പുഴ മുണ്ടങ്കൊമ്പ് കോളനിയിലെത്തിയ ജയണ്ണയും സംഘവും തന്നെയായിരിക്കാം വെള്ളമുണ്ടയിലുമെത്തിയതെന്നാണ് സൂചന. കൂടാതെ ജില്ലയിലെ പല ഇടങ്ങളിലും ഗുണ്ടാ അക്രമി സംഘങ്ങളും പിടിമുറുക്കുകയാണ്. വെള്ളമുണ്ട പെട്രോള്‍ പമ്പില്‍ വടിവാളുമായി സംഘമെത്തിയതും കഴിഞ്ഞ ദിവസം കല്ലോടിയില്‍ ബൈക്കിലെത്തിയ ഒരാള്‍ വീട്ടമ്മയെയും മകളെയും ഭീഷണിപെടുത്തിയതും ഗുണ്ടാ അക്രമിസംഘം വടക്കെ വയനാട്ടില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: