നാദാപുരം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പാരമ്പര്യ നെയ്ത്ത് തൊഴിലാളികള്‍. കൊവിഡ് ദുരിതവുമായതോടെ പ്രതിസന്ധി ഇരട്ടിയായി. ആറുമാസത്തിനിടെ തൊഴില്‍ കേന്ദ്രങ്ങള്‍ തുറന്നത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം.
ലോക്ഡൗണിനെ തുടര്‍ന്ന് നൂലുകള്‍ കിട്ടാതായതോടെയാണ് തുച്ഛമായ വരുമാനവും നിലച്ചത്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ ജോലി ചെയ്താല്‍ ലഭിക്കുന്നത് നൂറ്റമ്പത് മുതല്‍ ഇരുന്നൂറ് രൂപയാണ്. കോയമ്പത്തൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നൂലുകള്‍ എത്തിയിരുന്നത്. ഒരു പാവില്‍ എട്ടു മണിക്കൂര്‍ കഠിന ജോലി ചെയ്താല്‍ 35 മീറ്റര്‍ നീളമുള്ള തുണിയാണ് നെയ്തെടുക്കാന്‍ കഴിയുക. മാസം 25 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചാല്‍ 4000 മുതല്‍ 5000 രൂപ വരെയാണ് ലഭിക്കുക. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം, ബെഡ്ഷീറ്റ്, ഷര്‍ട്ടിംഗ് എന്നിവയായിരുന്നു പ്രധാനമായും നിര്‍മ്മിച്ചിരുന്നത്. സ്കൂളുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ യൂണിഫോം നിര്‍മ്മാണം ഇതേവരെ ആരംഭിച്ചിട്ടില്ല. നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ സൊസൈറ്റികള്‍ വഴി നടത്തുന്ന എക്സിബിഷനുകളിലൂടെയാണ് പ്രധാനമായും തൊഴിലാളികള്‍ക്ക് വിറ്റഴിച്ചിരുന്നത്. ഓണം, വിഷു, റംസാന് വേളകളിലെ വില്‍പ്പന വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഇതുനടന്നില്ല. തിരുവോണമായിരുന്നു ഏക പ്രതീക്ഷ. ഓണക്കാല വില്‍പ്പനയും ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സൊസൈറ്റികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കാനുള്ള ഗ്രാറ്റിവിറ്റി പോലും ഏറെക്കാലമായി ലഭിക്കാത്തവരുമുണ്ട്.
വരുമാനത്തിന്റെ കുറവും അധ്വാനവും കാരണം ഈ മേഖലയിലേക്ക് പുതുതലമുറ കടന്നു വരുന്നില്ല. കൈത്തറി മേഖലയിലെ തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും 46 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് മറ്റ് തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് കാലത്ത് പല ആനുകൂല്യങ്ങളും ലഭിച്ചിട്ടും പാരമ്പര്യ നെയ്ത്ത് തൊഴിലാളികള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല. പാരമ്പര്യമായി ഈ തൊഴില്‍ മേഖലയില്‍ ഉറച്ച് നിന്നവര്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കാന് പോലും കഴിഞ്ഞിട്ടില്ലെന്ന നിരാശയിലാണ്.
നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുമ്പോള്‍ ബാങ്കില്‍ നിന്നും കടം വാങ്ങി നിര്‍മ്മിച്ച വീടിന്റെ തിരിച്ചടവ് ചിന്തിക്കാനാകില്ലെന്നാണ് എടച്ചേരി ചുണ്ടയിലെ നെയ്ത്തു തൊഴിലാളി എഴുപത്തിമൂന്നുകാരനായ ശങ്കരന് പറയുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്നതിനിടെ അമ്മാവന്റെ നിര്‍ബന്ധത്തില്‍ പഠനം ഉപേക്ഷിച്ചാണ് ഈ മേഖലയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കയര്‍ മേഖല കഴിഞ്ഞാല്‍ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ രണ്ടാം സ്ഥാനം കൈത്തറിക്കാണ്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഈ മേഖലയില്‍ ഏറെയും അവഗണനയാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
മാര്‍ച്ച് വരെയുള്ള കുടിശ്ശിക പോലും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന റിബേറ്റ് തുക യഥാസമയം ലഭിക്കാത്തതിനാല്‍ സൊസൈറ്റികളും പ്രതിസന്ധിയിലാണെന്ന് ഇവര്‍ പറയുന്നു.
സജീവന് നാദാപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: