തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷും ചേര്‍ന്ന് സ്പേസ് പാര്‍ക്ക് പദ്ധതിയുടെ മറവില്‍ ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ രഹസ്യങ്ങള്‍ വിദേശരാജ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ഗുരുതര ആരോപണവുമായി സിപിഐ മുഖപത്രമായ ജനയുഗം. പിണറായി സര്‍ക്കാരിനെ ഏറ്റവും പ്രതിരോധത്തില്‍ ആക്കുന്ന തരത്തിലാണ് എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ മുഖപത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഐഎസ്ആര്‍ഒയുടെ ശാസ്ത്രജ്ഞരെ ലക്ഷ്യം വച്ചുള്ള ചാരവൃത്തി നടത്തിയതായി ജന്മഭൂമി ജൂലൈ 9 ന് വാര്‍ത്ത നല്‍കിയിരുന്നു. കോവളത്തെ സ്പേസ് കോണ്‍ക്ളേവ് സംശയത്തിലാണെന്നും പറഞ്ഞിരുന്നു. (ജന്മഭൂമി നല്കിയ വാര്‍ത്ത വായിക്കാന്‍ ക്ലിക്ക് ചെയ്യൂ) മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ദേശദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന് ബിജെപിയും ആരോപിച്ചു. ഇതൊക്കെശരിവെയ്ക്കുകയാണ് സര്‍ക്കാരിലെ രണ്ടാം കക്ഷിയായ സിപിഐയുടെ മുഖപത്രം.
ഇന്ത്യയുടെ സൂപ്പര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് എന്‍ഐഎയുടെ ഒരു പുതിയ അഞ്ചംഗസംഘം അന്വേഷണത്തിനായി ദുബൈയില്‍ എത്തിയിട്ടുണ്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കെ. രംഗനാഥന് സ്ഥിരീകരിക്കുന്നു.
ഒരു എസ്പിയടക്കം രണ്ടംഗ എന്‍ഐഎ സംഘം സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫാരിസ് ഫൈസല്‍, റബിന്സ്റജിന്സ് സഹോദരന്മാര്, അലവി എന്നിവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ കുറേ ദിവസമായി ദുബൈയില്‍ ഉണ്ട്. ബംഗളൂരുവിലെ നിരന്തര സന്ദര്‍ശനങ്ങള്‍ക്കിടെ ഇരുവരും ഐഎസ്ആര്‍ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു തെളിവ് ലഭിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റില്‍ സ്പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എന്‍ഐഎയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിക്കും തെളിവുകള്‍ ലഭിച്ചതെന്ന് ജനയുഗം പറയുന്നു.
വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകള്‍ ചോര്‍ന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എന്‍ഐഎ അന്വേഷണസംഘം ദുബൈയില്‍ എത്തിയിട്ടുള്ളത്. ഐഎസ്ആര്‍ഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗളൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബിഇഎല്‍ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്നയും സ്ഥിരമായി താമസിച്ചിരുന്നത്. ഇവിടെ ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകളും ദുബൈയിലെത്തിയ എന്‍ഐഎ സംഘം കൊണ്ടുവന്നിട്ടുണ്ടെന്നും ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: