ന്യൂദല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ നിലവിലെ സഖ്യം തുടരുമെന്നും, നീതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ബിജെപിയും ജെഡിയുവും എല്‍ജെപിയും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞടുപ്പില്‍ സംഖ്യം വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജെഡിയുവുമായി സഖ്യമില്ലെന്ന തരത്തില്‍ ചിരാഗ് പാസ്വാന് പ്രസ്താവനകള്‍ നടത്തിയിരുന്നു. ജെഡിയു തിരിച്ചും അങ്ങനെ തന്നെ സഖ്യമില്ലെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ ,സഖ്യത്തില്‍ വിള്ളല്‍ ഒഴിവാക്കാന്‍ ബിജെപി തന്നെ രംഗത്തിറങ്ങി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം:
പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രളയ പാക്കേജ് സംസ്ഥാനം നല്ലരീതിയിലാണ് നടപ്പാക്കിയത്. ഇക്കാര്യം സംസ്ഥാന ബി ജെ പി ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ കക്ഷികളെല്ലാം നിഷ്ക്രിയമാണ്.ബിഹാറിലും മറ്റിടങ്ങളിലും ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് ബിജെപിയാണ്. പ്രതിപക്ഷത്തിന് പ്രത്യയശാസ്ത്രമോ, കാഴ്ചപ്പാടോ ജനങ്ങളെ സേവിക്കാനുളള ആഗ്രഹമോ ഇല്ല. തരംതാണ രാഷ്ട്രീയത്തില്‍ നിന്ന് അവര്‍ക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നും നദ്ദ ആരോപിച്ചു.
ബീഹാറില്‍ പ്രതിപക്ഷം വെറും സമയം ചെലവഴിക്കാന്‍ വന്ന സഖ്യമാണെന്നും അദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ ജെഡിയുവും ചിരാഗ് പാസ്വാന് നയിക്കുന്ന എല്‍ജെപിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടരുന്നതിനിടയിലാണ് നദ്ദ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായിട്ടാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: