കൊച്ചി: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാനായിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍. ഇതിന് രാജ്യത്തിനകത്തും വിദേശങ്ങളിലുമുള്ള സ്വാധീന ശക്തിയുള്ളവരുടെ സഹായം ലഭിച്ചു. കേസില്‍ പ്രതികളായ, വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായത്തിന് നടപടി തുടങ്ങിയെന്നും അന്വേഷണ ഏജന്‍സി കോടതിയെ രേഖാമൂലം അറിയിച്ചു.
അന്വേഷണം പൂര്ണമാകാന് വമ്പന്മാരായ വ്യക്തികളെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതികളുടെ വിവിധ സങ്കേതങ്ങളില്‍നിന്ന് കിട്ടിയ ഡിജിറ്റല്‍ തെളിവുകള്‍ തിരുവനന്തപുരം സി-ഡാക്കില്‍ സൈബര്‍ ഫോറന്‍സിക് വിശകലനത്തിന് അയച്ചു. ഈ തെളിവുകള്‍ വച്ച് പ്രതികളെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണം. കേസിന് അന്താരാഷ്ട്ര മാനങ്ങളുണ്ട്. ലഭ്യമായ വിവരങ്ങള്‍ പ്രതികളോട് ചോദിച്ച് വ്യക്തത വരുത്തണമെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കള്ളക്കടത്ത് നടത്തിയത് പലതരത്തില്‍ സാമ്പത്തിക ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ്. യുഎഇയില്‍നിന്ന് നയതന്ത്ര സംവിധാനം ഉപയോഗിച്ച് കള്ളക്കടത്തു നടത്തിയത് രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ മാത്രമല്ല, സൗഹൃദരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമില്ലാതാക്കാനും ലക്ഷ്യമിട്ടാണ്. അവസാന ഉപഭോക്താക്കളെയും ഇടപാടിലെ നേട്ടക്കാരെയും കണ്ടെത്താന്‍ ആഴത്തില്‍ അന്വേഷണം വേണം.
എന്‍ഐഎ കസ്റ്റഡിയിലുള്ള മുഹമ്മദ് അന്‍വര്‍.ടി.എം, ഹംജത് അലി എന്നിവരുടെ മൊഴിയില്‍നിന്നാണ് കള്ളക്കടത്തിടപാടില് ഇന്ത്യയിലും വിദേശത്തും നിന്ന് പങ്കാളികളായ ചില പ്രധാനികളുടെ വിവരം കിട്ടിയതെന്ന് എന്‍ഐഎ പറയുന്നു. വിദേശത്തുള്ള ഫാസില്‍ ഫരീദ്, റാബിന്‍സ് ഹമീദ്, സിദ്ദിഖുള്‍ അക്ബര്‍, അഹമ്മദ് കുട്ടി എന്നിവര്‍ക്കെതിരേ ഇന്റര്‍പോള്‍ വഴിയുള്ള തെരച്ചിലിന് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി തുടങ്ങിയെന്നും എന്‍ഐഎ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: