ന്യൂദല്‍ഹി : ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന് അബാദുള്‍ യൂസഫ് അന്വേഷണ സംഘത്തിന് മുമ്പാകെ നല്കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ ആക്രമണം നടത്താന്‍ ഐഎസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. അതേസമയം ആക്രണം നടത്താന്‍ ഇയാള്‍ക്ക് സ്ഫോടക വസ്തുക്കള്‍ എത്തിച്ച മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പം ഇന്ത്യ വിടാനും യൂസഫ് പദ്ധതിയിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലേക്കോ സിറിയയിലേക്കോ പോയി ഐഎസ് പ്രവര്‍ത്തനങ്ങളില്‍ സജീമാകാന്‍ ആഗ്രഹിച്ചിരുന്നതായും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം മകന് ചെയ്തത് തെറ്റാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ സങ്കടമുണ്ടെന്നും അറസ്റ്റിലായ യൂസഫിന്റെ അച്ഛന് കഫീല്‍ ഖാന് അറിയിച്ചു. ഐഎസ് ബന്ധം അറിഞ്ഞപ്പോള്‍ മകനോട് പിന്മാറാന് ആവശ്യപ്പെട്ടിരുന്നതായും ഇയാള്‍ പറയുന്നു.
ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അബ്ദുള്‍ യൂസഫിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. അറസ്റ്റിലായപ്പോള്‍ ഇയാളുടെ കയ്യില്‍ സ്ഫോടക വസ്തു പ്രഷര്‍ കുക്കറില്‍ നിറച്ച നിലയിലും കണ്ടെത്തിയിരുന്നു. ജനസാന്ദ്രതയുള്ള നഗര പ്രദേശങ്ങളില്‍ എവിടെയെങ്കിലും സ്ഫോടനം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു ഇത് കയ്യില്‍ സൂക്ഷിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂസഫ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാളറിയാതെ പോലീസ് പിന്തുടരുന്നുണ്ടായിരുന്നു. ആഗസ്റ്റ് 15 ന് ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതി ഇട്ടിരുന്നതായും അത് നടന്നില്ലെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: