ഭഗവാന് വിശ്വകര്‍മാവിന്റെ അഞ്ച് പുത്രന്മാരാണ് മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ഞന്‍ എന്ന് അറിയപ്പെടുന്നത്. അവരുടെ ഋഷിനാമമത്രെ സനകന്‍, സനാതനന്, ആഭുവനസന്, പ്രത്നസന്, സുവര്ണസന് എന്നത്. ഇവരെയാണ് സനകാദി മഹര്‍ഷിമാര്‍ എന്ന് ഭാഗവതകാരനായ വ്യാസന് അറിയിക്കുന്നത്. ഭാഗവതത്തില്‍ പറയപ്പെടുന്ന സനകാദി മഹര്‍ഷികള്‍ എന്ന വിശ്വകര്മപുത്രന്മാരായ, ദേവന്മാര് തങ്ങളുടെ പിതാവിനെ പ്രത്യക്ഷപ്പെടുത്തുന്നതിനായി കൊടും തപസ്സു ചെയ്തു.
വിശ്വകര്‍മ്മദേവന്‍ മക്കളായ അഞ്ച് ഋഷിമാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് അഞ്ച് മുഖത്തോടുകൂടിയാണ്. വേദങ്ങളില്‍ ‘പഞ്ചവക്ത്രം’ എന്ന് ഭഗവാന്റെ മുഖത്തെ വര്‍ണിക്കുന്നു. വക്ത്രം എന്നാല്‍ മുഖം. ഈ പഞ്ചമുഖങ്ങള്ക്ക് വേദങ്ങളില്‍ സദേ്യാജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നും വര്‍ണിക്കുന്നു. അഞ്ച് പുത്രന്മാരായ ഈ ദേവസംന്യാസിമാര്ക്ക് മുന്നില്‍ പഞ്ചമുഖത്തോടുകൂടി വിശ്വകര്‍മ ഭഗവാന് അവതരിച്ചത് ഭാദ്രപദമാസത്തിലെ അഞ്ചാം നാളായ പഞ്ചമിയിലാണ്. ഈ ദിനം പില്ക്കാലം ‘ഋഷിപഞ്ചമി’ എന്നറിയപ്പെടാന്‍ തുടങ്ങി. ഈ ദിവസം തന്നെയാണ് വിശ്വകര്മ്മജയന്തിയായും ആഘോഷിക്കപ്പെട്ടത്.
സംസ്കൃത എണ്ണല്‍ സംഖ്യയില്‍ പഞ്ചമിയെന്നാല്‍ അഞ്ചാമത്തേത് എന്നര്‍ഥം. അഞ്ചാമത്തേത് എന്നാല്‍ ഒരു മാസത്തിന്റെ അഞ്ചാം ദിനം. ശ്രാവണം ചിങ്ങമാസമെങ്കില് മലയാള ഭാഷയില്‍ നാം പറയുന്ന കന്നിമാസത്തെയാണ് ഭാദ്രപാദമാസമെന്ന് പറയുന്നത്. ഭാദ്രപാദത്തിലാണ് ഋഷിപഞ്ചമിയെത്തുന്ന പതിവുള്ളത്. ഗ്രഹങ്ങളുടെ സഞ്ചാര പ്രക്രിയയ്ക്കനുസരിച്ച് ചില വര്‍ഷങ്ങളില്‍ ഭാദ്രപദത്തില്‍ നിന്ന് മാറി ശ്രാവണത്തിലും എത്തിച്ചേരും. ഇക്കുറി ശ്രാവണത്തില്‍ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. വിശ്വകര്മാവിന്റെന്റെ പ്രത്യക്ഷമാകലും ജ്ഞാനദാനവുമാണ് ഋഷിപഞ്ചമിയുടെ പ്രത്യേകത.
വിശ്വകര്‍മാവ് തന്റെ പുത്രന്മാരുടെ കഠിനവ്രതത്തിലും, തപസിലും സംപ്രീതനായി ഭാദ്രപദത്തിലെ പഞ്ചമിനാളില്‍ പഞ്ചപുത്രന്മാര്ക്കും, പഞ്ചമുഖങ്ങളിലൂടെ പഞ്ചവേദങ്ങള്‍ പകര്‍ന്നു നല്കി അവരെ അനുഗ്രഹിച്ചു. ആ പുണ്യതിഥിയെന്ന പ്രത്യേകത കൂടി ഋഷി പഞ്ചമിയിക്കുണ്ട്.
‘മന്വന്തരം’എന്ന് ഭാഗവതത്തില്‍ പറയുന്നത് വിശ്വകര്‍മാവിന്റെ പ്രഥമപുത്രനായ മനു ആചാര്യനും അദ്ദേഹത്തിന്റെ സഹോദരര്‍ നാലുപേരും അവരുടെ ഗോത്രസംസ്കാരവും ആ സംന്യാസിവര്യന്മാരുടെ തലമുറകളുടെ വര്‍ണനയുമാണ്. അവരുടെ പിന്മുറക്കാരായതുകൊണ്ടാണ് ഭാരതീയ വിശ്വകര്‍മ്മജര്‍ ഇന്നും ‘ഋഷിപഞ്ചമി’ ആഘോഷിക്കുന്നത്.
ആറ്റൂര്‍ ശരത്ചന്ദ്രന്
(ശ്രീവിശ്വകര്മ്മവേദപഠനകേന്ദ്രധാര്മ്മികസംഘത്തിന്റെ പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: