ഭാവനാലോലന്മാരുടെ വിളനിലമായി മാറിയ ഒരു പത്രത്തിന്റെ ഒടുക്കത്തെ ഭാവനയില്‍ വിരിഞ്ഞതാണ് വാരിയംകുന്നന്റെ ദേശീയ നേതൃനിരയിലേക്കുള്ള പ്രയാണം. അച്ഛന് മരിച്ച ഒഴിവില്‍ എംഡിയായി പണി കിട്ടുകയും എംപിയാകാന്‍ ആര്‍ത്തി പൂണ്ടിരിക്കുകയും ചെയ്യുന്ന ഒരു കുമാരന്റെ പത്രത്തില്‍ അച്ചടിച്ചുവരുന്നതില്‍ ഭാവനയേത് അല്ലാത്തതേത് എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ വായനക്കാര്‍.
ഒരു പാക്കറ്റ് ഈന്തപ്പഴവും സംഭാവനക്കവറില്‍ മടക്കിക്കൊടുക്കുന്ന അഞ്ഞൂറിന്റെ താളുമുണ്ടെങ്കില്‍ ഭാവനയില്‍ എന്ത് തോന്ന്യവാസവും വിരിയിക്കാന്‍ പാങ്ങുള്ള പണ്ഡിത പ്രമാണിമാര്‍ ഏറെയുണ്ട് ഈ നാട്ടില്‍. ഈന്തപ്പഴത്തിന്റെ മൊത്തവിതരണക്കാര്‍ തുടങ്ങിയ പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയുമൊക്കെ തലപ്പൊക്കത്ത് കറങ്ങുന്ന കസേരയില്‍ ഇരിക്കാന്‍ ക്യൂ നിന്ന അത്തരം പ്രമാണിമാരുടെ പട്ടിക(ജീവനോടെയും അല്ലാതെയും) എത്ര വേണമെങ്കിലും ഉണ്ട്.
മാപ്പിളക്കലാപകാലത്തെ ഹിന്ദുവംശഹത്യക്ക് നേതൃത്വം കൊടുത്ത ഒരു മതവെറിയനെ സ്വാതന്ത്ര്യസമരസേനാനിയാക്കാനുള്ള അച്ചാരം വാങ്ങിയാണ് പ്രസ്തുത കുമാരന്റെ പത്രം ഭാവനാലോലന്മാരെ അണിനിരത്തുന്നത്. കഥയെഴുത്തും കവിതയെഴുത്തും പോലെ ഭാവന വാരിയെറിഞ്ഞ് ചരിത്രം എഴുതുന്ന പണി ഇതാദ്യമായാണ് കാണുന്നത്. മഹാത്മാഗാന്ധിജിയുടെ കേരളത്തിലേക്കുള്ള വരവിന്റെ നൂറാം വാര്‍ഷികാഘോഷവേളയിലാണ് പത്രം അതിന്റെ എഡിറ്റോറിയല്‍ പേജ് നുണപറച്ചിലിന് മാറ്റിവെച്ചത്. മഹാത്മജി വന്നുപോയതിന്റെ അടുത്ത ആണ്ടില്‍ മലപ്പുറത്ത് നടന്നതെന്തെന്ന് അതേ പത്രത്തിന്റെ തലപ്പത്ത് അന്നിരുന്നവര്‍ പറഞ്ഞും എഴുതിയും ജനങ്ങളെ ബോധിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയും അംബേദ്കറും ആ മഹാപാതകത്തെച്ചൊല്ലി ഹൃദയം നൊന്ത് വിലപിച്ചിട്ടുണ്ട്.
ഇപ്പോഴത്തെപോലെ ഭാവനയില്‍ നിന്നല്ല അനുഭവത്തിന്റെ തീച്ചൂളയില്‍ കാലൂന്നിക്കൊണ്ടാണ് അവര്‍ ലോകത്തോട് മലപ്പുറത്ത് നടന്ന കൂട്ടക്കൊലയെക്കുറിച്ചും കൊള്ളിവെയ്പിനെക്കുറിച്ചും വിളിച്ചുപറഞ്ഞത്. അപമാനിതരായ അമ്മപെങ്ങന്മാര്, തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍, രാവും പകലുമില്ലാതെ മതവെറിയന്മാര് വിളിച്ചുകൂവി നടന്ന മുദ്രാവാക്യങ്ങള്‍… തുവ്വൂര്‍ കിണറും ചങ്കുവെട്ടിയും കൊന്നെറിയപ്പെട്ട പൂര്‍വികരുടെ ചോരമണം മാറാത്ത മണല്‍ത്തരികളും ഇന്നും അങ്ങനെതന്നെ നില്‍ക്കുമ്പോഴാണ് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത കൂട്ടരെ ചരിത്രപുരുഷനാക്കി അവതരിപ്പിക്കാന്‍ നുണയന്മാര്ക്ക് പത്രം പ്രതിഫലം കൊടുക്കുന്നത്.
എംപി യാവാന്‍ നോമ്പുനോറ്റിരിക്കുന്ന വീരകുമാരന്റെ പത്രം പൈതൃകം മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് പുതിയ സംഭവമൊന്നുമല്ല. ദേശീയതയ്ക്കും സംസ്കാരത്തിനും വേണ്ടി വലിയ സംഭാവനകള്‍ നല്കിയ, ധീരോദാത്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മഹത്തായ ഒരു പൂര്‍വികസമ്പത്തുണ്ട് ആ പത്രത്തിന്റെ വളര്‍ച്ചയ്ക്കും അംഗീകാരത്തിനും പിന്നില്‍. നാലാംകിട രാഷ്ട്രീയവും അവസരവാദവും കൂലിയെഴുത്തും കയ്യേറ്റവുമൊക്കെ അലങ്കാരമാക്കിയ കുമാരനും കൂട്ടരും ആ പൈതൃകസ്വത്ത് രാജ്യദ്രോഹികള്‍ക്ക് കുഴലൂതാനുള്ള ഇടമാക്കിമാറ്റുകയായിരുന്നു.
ദേശീയ സ്വാഭിമാനത്തിന് നേരെ വിഘടനവാദത്തിന്റെ എഴുത്തുകള്‍ പലകുറി അതില്‍ അച്ചടിമഷി പുരണ്ടു. സംസ്കാരത്തിന്റെ സാഹിത്യത്തിന് പകരം അശഌലമലം പുരണ്ട കഥയും കവിതകളും പ്രസിദ്ധീകരിച്ചു. സ്ഥിരം വായനക്കാര്‍ തൊടാനറയ്ക്കും വിധം പത്രത്തെയും ആഴ്ചപ്പതിപ്പിനെയും മതം മാറ്റി. തെറിയെഴുത്തുകാരുടെ ലാവണമായി അത് മാറി. മലയാളി ദേശീയസാഹിത്യത്തിന്റെ അമൃതം നുണഞ്ഞ അതേ താളുകളില്‍ പൊതുകക്കൂസിന്റെ ചുവരുകളില്‍ കാണുന്നതിനേക്കാള്‍ നിന്ദ്യമായ എഴുത്തുകള്‍ നിറഞ്ഞു. ദേശീയതയെ അപഹസിക്കാന്‍ എരുമദേശീയതയെക്കുറിച്ച് വാചാലമായി. വിശ്വാസങ്ങളെ തെറിവിളിക്കാന്‍ മീശ പോലുള്ള ആഭാസങ്ങള്‍ക്ക് താളുകള്‍ വീതം വെച്ച് നല്കി. വാരനാരിമാരുടെ അംഗപ്രത്യംഗവര്‍ണന നടത്തി കാലം കഴിച്ച ആഭാസ സാഹിത്യങ്ങള്‍ക്ക് പൂമുഖത്തില്‍ ഇടം കൊടുത്തു.
വായനക്കാരന് നെറ്റി ചുളിക്കുമ്പോള്‍, ചോദ്യം ചെയ്യുമ്പോള്‍ ‘അയ്യോ അത് ഭാവനയല്ലേ’ എന്ന് ഉളുപ്പില്ലാതെ ഓരിയിടുന്നിടത്തോളം തരംതാണുപോയിരിക്കുന്നു ആ പത്രവും അതിന്റെ മേലാളന്മാരും. കേരളത്തിലെ ഹിന്ദുസമൂഹത്തിനെതിരെ തെറിയെഴുതി മീശ പിരിച്ച കാലത്ത് പ്രതിഷേധത്തെ ഭയന്ന് ഒരു മനം മാറ്റമുണ്ടായി എന്ന് കരുതിയവരുണ്ട്. വാരിയംകുന്നന് വേണ്ടി വല്ലാണ്ട് ഭാവന വിജൃംഭിച്ച ഒരുവന്റെ ആസൂത്രിത രചനയിലൂടെ ആ വാല് പന്തീരാണ്ട് കൊല്ലം കഴിഞ്ഞാലും നിവരില്ലെന്ന് ബോധ്യമായിരിക്കുന്നു. ഒരു കാര്യമുറപ്പാണ്. ഗാന്ധിജിയുടെ ജീവിതദര്‍ശനങ്ങള്‍ ആദര്‍ശമാക്കിയ മഹാരഥന്മാര് ഇരുന്ന കസേരകളില്‍ ഇപ്പോള്‍ കാല്‍ക്കാശിന് ഏത് വാരിയംകുന്നന്റെയും പാദം നക്കുന്നതിനും മടികാട്ടാത്തവരുടെ വിളയാട്ടമാണ്.
അതിനിന്ദ്യമായ ഗാന്ധിനിന്ദയ്ക്കാണ് ഈ വികൃതഭാവനക്കാര്‍ കോപ്പുകൂട്ടുന്നത്. കേരളത്തിന് പുതിയ ചരിത്രം സൃഷ്ടിക്കാനാണ് ശ്രമം. കൊല്ലവര്‍ഷം ഉണ്ടാക്കിയത് രണ്ട് മെത്രാന്മാരാണെന്ന് ഒരു കഥ പള്ളിപ്പാട്ടുകളില്‍ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. മലയാളിക്ക് മൊത്തത്തില്‍ പൂര്‍വികരെ സൃഷ്ടിക്കുന്ന എഴുത്തുപണിക്ക് എല്ലാ ഭാഗത്തുനിന്നും ഡിമാന്‍ഡുണ്ടെന്ന് സാരം. കൊറോണക്കാലത്ത് പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാതെ ഇരിക്കുമ്പോള്‍ ഭാവന ഏത് വഴിക്കും തിരിയും. അതിന് പക്ഷേ മുന്തിയ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം കുട പിടിക്കുമ്പോള്‍ പിന്നില്‍ വലിയ ഗൂഢാലോചനകള്‍ മണക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: