ആത്മനിര്‍ഭര്‍ ഭാരത് വെറുമൊരു പ്രഖ്യാപനമല്ല, നമ്മുടെ നാട്ടിലെ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളും കണ്ടെത്തി രാജ്യത്തിന്റെ അഭിമാനമാക്കി മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വേണ്ടിയായിരുന്നു എന്ന് തെളിയിക്കുകയാണ് ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റ്യന്റെ മിന്നുന്ന നേട്ടം. രണ്ടു പതിറ്റാണ്ടോളമായി ഐടി രംഗത്തുണ്ടായിരുന്നെങ്കിലും ജോയിയെ സഹായിക്കാന്‍ മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. ഒടുവില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടി വന്നു, ആലപ്പുഴ പോലൊരു അവികസിത ജില്ലയിലെ തീരദേശ ഗ്രാമത്തില്‍ നിന്നുള്ള പ്രതിഭയെ അംഗീകരിക്കാന്‍. മന്ത്രി തോമസ് ഐസക്ക് ആലപ്പുഴ മണ്ഡലത്തില്‍ നടത്തുന്ന ചില പദ്ധതികളില്‍ ജോയിയുടെ സാങ്കേതിക സഹായം തേടിയെന്നതൊഴിച്ചാല് കാര്യമായ പ്രോത്സാഹനം ലഭിച്ചിരുന്നില്ല.
ഈയൊരു വിജയം ജോയിക്കും സ്ഥാപനത്തിനും നേടിക്കൊടുക്കാന്‍ പോകുന്ന അവസരങ്ങള്‍ വളരെ വലുതാണ്. ഇന്ത്യയിലെ തന്നെ വലിയ ഐടി കമ്പനികളുടെ തട്ടകത്തിലേക്കായിരിക്കും എത്തിക്കാന്‍ പോകുന്നത്. ജോയിയുടെ കമ്പനിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടിയ ഈ പ്രോത്സാഹനം ഈ മേഖലയിലെ മറ്റ് ചെറു കമ്പനികള്‍ക്ക് വലിയ ഊര്‍ജ്ജമാണ് പകരുന്നത്. രാജ്യത്തിന്റെ ഐടി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതിയ കുതിപ്പിന് സഹായിക്കും. ജോയിയെ പോലെ മികവുറ്റവര്‍ ഉള്ളപ്പോഴാണ് കേരള സര്‍ക്കാര്‍ ബെവ്ക്യു ആപ്പ് ഉണ്ടാക്കിയ കഥ നാം ഓര്‍ക്കേണ്ടത്. സിപിഎം അനുഭാവിക്ക് ആപ്പ് നിര്‍മ്മിക്കാന്‍ അവസരം നല്കി. അത് എട്ട് നിലയില്‍ പൊട്ടി, സര്‍ക്കാര്‍ നാണം കെട്ടു.
മത്സ്യത്തൊഴിലാളി കുടുംബാംഗമായ പാതിരപ്പള്ളി പള്ളിക്കത്തയ്യില്‍ സെബാസ്റ്റ്യന്റേയും മേരിയുടെയും മകനാണ് ജോയി(44). വീഡിയോ കോണ്‍ഫറന്‍സ് സോഫ്റ്റ് വെയര്‍ തയ്യാറാക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്നൊവേഷന് ചലഞ്ചിലാണ് ചേര്‍ത്തല പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജോയിയുടെ ടെക്ജന്‍ഷ്യ കമ്പനി ഒന്നാമതെത്തിയത്. രണ്ടായിരത്തോളം കമ്പനികളില്‍ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്.
ഒരു കോടി രൂപയും മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഉപകരണങ്ങള്‍ക്കുള്ള കരാറുമാണ് സമ്മാനം. ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലുള്ള കമ്പനികളെ അവസാന റൗണ്ടില്‍ പിന്തള്ളിയാണ് വിജയ കിരീടമണിഞ്ഞത്. 150 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വി കണ്‍സോള്‍ സോഫ്റ്റ് വെയറാണ് തയ്യാറാക്കിയത്. 50 പേര്‍ക്ക് പങ്കെടുക്കാനും 100 പേര്‍ക്ക് കാണാനും കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നൊവേഷന് ചലഞ്ച് പ്രഖ്യാപിച്ചത്. ആദ്യ മുപ്പത് കമ്പനികളിലൊന്നായപ്പോള് അഞ്ച് ലക്ഷം രൂപയും ആദ്യ മൂന്നിലെത്തിയപ്പോള്‍ 20 ലക്ഷവും ലഭിച്ചിരുന്നു.
ജോയി സെബാസ്റ്റ്യന്‍ 2000-ല്‍ അവനീര്‍ എന്ന കമ്പനിയില്‍ വെബ് ഓഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. അവനീറിന്റെ ഉടമ ജെയിംസിനു വേണ്ടി വീഡിയോ കോണ്‍ഫറന്‍സിങ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ചെയ്താണ് 2009ല്‍ ടെക്ജെന്‍ഷ്യ കമ്പനി ആരംഭിച്ചത്. പിന്നീട് യൂറോപ്പിലേയും യുഎസിലേയും ഏഷ്യയിലേയും പല കമ്പനികള്‍ക്കും വേണ്ടി വീഡിയോ കോണ്‍ഫറന്‍സ് ഡൊമൈനില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു. അപ്പോഴും സ്വന്തമായി ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്ന് ജോയി പറഞ്ഞു. സുഹൃത്തുക്കളും ഐടി രംഗത്തെ വിദഗ്ദ്ധരും ഉള്‍പ്പെടെ ഒട്ടേറെ ആളുകളെ പങ്കെടുപ്പിച്ച് പല തവണ പരീക്ഷണങ്ങള്‍ നടത്തിയാണ് ജോയി, വി കണ്‍സോളിന് അന്തിമ രൂപം നല്‍കിയത്.
1999ല്‍ കൊല്ലം ടികെഎംഎം എഞ്ചിനീയറിങ് കോളേജില്‍ നിന്നും എംസിഎ ബിരുദം നേടിയ ശേഷം ജോയ് പ്രയത്നിച്ചതും രാജ്യത്തിന്റെ സ്വന്തം കോണ്‍ഫറന്‍സിങ് സ്റ്റാര്ട്ടപ്പിനായിട്ടാണ്. പഠിച്ചിറങ്ങിയ ശേഷം സ്വകാര്യ കമ്പനിയിലും 2009ല്‍ സ്വന്തമായി കമ്പനി തുടങ്ങിയപ്പോഴും ലക്ഷ്യം ഇതു തന്നെ. 2013ലാണ് ജോയ് സ്റ്റാര്‍ട്ട്അപ്
കമ്പനി തുടങ്ങിയത്. കടലിനോട് മല്ലിട്ട് ജീവിതത്തിന്റെ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട ജോയിക്ക് രാജ്യം മുന്നോട്ടുവെച്ച വെല്ലുവിളി ഏറ്റെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. ടീമിലുള്ളവരുടെയെല്ലാം കഠിനാദ്ധ്വാനത്തിന് ലഭിച്ച വിജയമാണിതെന്നും എല്ലാവരോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നുവെന്നും ജോയി പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ ആദ്യ മൂന്ന് കമ്പനികളിലെത്തിയപ്പോള് ആത്മവിശ്വാസം കൂടിയെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനകം വി കണ്‍സോള്‍ സോഫ്റ്റ്വെയര് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഔന്നത്യത്തിന്റെ പടവുകള്‍ ഓരോന്നായി കയറി ഇന്ത്യയുടെ അഭിമാനമായി മാറുമ്പോഴും ഉപ്പു കാറ്റും മീന്‍ മണവുമുള്ള മത്സ്യത്തൊഴിലാളിയുടെ മകനാണ് താനെന്ന് പറയുന്നതില്‍ അഭിമാനിക്കുകയാണ് ജോയി. ടെക്ജന്ഷ്യാ സോഫ്റ്റ് വെയര്‍ കമ്പനിയുടെ സിഇഒ ആണെങ്കിലും ഇദ്ദേഹത്തിന് ഇഷ്ടം സാന്ത്വന പരിചരണ പ്രവര്‍ത്തനവും വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളുമൊക്കെയാണ്. കഴിഞ്ഞ പ്രളയകാലത്ത് ജില്ലാ ഭരണകൂടത്തിന് ജോയിയുടെ നേതൃത്വത്തില്‍ സാങ്കേതിക സഹായം നല്‍കിയത് ആരും മറക്കില്ല. പ്രതിഫലമൊന്നും പറ്റാതെയായിരുന്നു ഈ പ്രവര്‍ത്തനം. ആലപ്പുഴ ലിയോ തെര്ട്ടീന്ത് സ്കൂളില്‍ പ്ലസ്ടു അധ്യാപകനായിരുന്നു. പാട്ടുകളം എസ്ആര്ആര്എല്പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൂങ്കാവ് എസ്സിഎം വി യുപിഎസ്, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പഠന ശേഷം പ്രീഡിഗ്രിക്ക് എസ്ഡി കോളേജിലും ബിരുദ കോഴ്സിന് എസ്എം കോളേജിലും ചേര്‍ന്നു.
പഠന കാലത്തെ ജീവിത ദുരിതങ്ങള്‍ താണ്ടിയ അനുഭവത്തിന്റെ ഉള്‍ക്കരുത്തില്‍ നിന്നാണ് ഇന്ന് ജോയി സെബാസ്റ്റ്യന്‍ ഇന്ത്യന്‍ നൂതന സാങ്കേതിക വിദ്യയുടെ ലോകത്തില്‍ പേരെഴുതി ചേര്‍ത്തിരിക്കുന്നത്. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളില്‍ അധ്യാപികയായ ലിന്‍സിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അലന്, ജിയ എന്നിവരാണ് മക്കളാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ, ഭാരതത്തിന്റെ കുതിപ്പിന് നേതൃത്വം നല്കാന് കഴിവുള്ള ജോയിയെ പോലുള്ള ആയിരക്കണക്കിന് പ്രതിഭകകള്‍ ഉയര്‍ന്നു വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: