ന്യൂദല്‍ഹി: ഡിജിറ്റല്‍ സങ്കേതികവിദ്യയില്‍ തങ്ങള്‍ പിന്നിലാണെന്നും കൊറോണക്കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം പിന്‍വലിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ സുനില്‍ അറോറയ്ക്ക് അയച്ച കത്തിലാണ് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടപടി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശയെ എതിര്‍ത്താണ് യെച്ചൂരി കത്തയച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന രീതിയിലാണ് ബിജെപി രാജ്യത്ത് ഡിജിറ്റല്‍ വിന്യാസം നടത്തിയിരിക്കുന്നത്.
മുപ്പത്തിരണ്ട് ലക്ഷം വാട്സാപ് ഗ്രൂപ്പുകളുടെ ശൃംഖലവഴി ഏതുസന്ദേശവും മിനിട്ടുകൊണ്ട് രാജ്യമാകെ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് കഴിയും. 72,000 എല്‍ഇഡി ടിവി സ്ക്രീന്‍ സ്ഥാപിച്ചാണ് അമിത് ഷായുടെ പ്രസംഗം ബീഹാറില്‍ കാണിച്ചത്.
60 ഓണ്‍ലൈന്‍ റാലി നടത്തി. ബൂത്തിന് ഒന്നുവീതം 72,000 വാട്സാപ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തിക്കുന്നുണ്ട്. 9500 ഐടിസെല്‍ ജീവനക്കാര്‍ ബിജെപിക്കുണ്ട്. ഇതില്‍ 50,000 ഗ്രൂപ്പ് സ്ഥാപിച്ചത് രണ്ട് മാസത്തിനുള്ളിലാണ്. ഇതുപോലുള്ള സംവിധാനം ഒരുക്കാനുള്ള പണവും ആള്‍ബലവും മറ്റുപാര്‍ട്ടികള്‍ക്കില്ല. അതിനാല്‍ ഭരണഘടനാ ഏജന്‍സിയായ ഇലക്ഷന് കമീഷന് ഡിജിറ്റല്‍ സങ്കേതികവിദ്യ പ്രചരണത്തിനുള്ള അനുമതി പുനഃപരിശോധിക്കണമെന്നും കത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: