അടൂര്‍: അഞ്ചലില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു ഉത്രയെ കൊന്ന കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റിലായി. ഇന്ന് ഉച്ചയോടെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനക്കുറ്റവും ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ മൊഴിയും അടിസ്ഥാനമാക്കിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം പറഞ്ഞു.
നേരത്തേ, ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പങ്കില്ലെന്ന് അമ്മയും സഹോദരിയും ആവര്‍ത്തിച്ചുപറഞ്ഞു. സൂരജിനെ കേസില്‍ പ്രതിയാക്കുമെന്ന് ഉറപ്പാക്കിയപ്പോള്‍ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയെന്നും അതിന്റെ ഭാഗമായാണ് കൂട്ടുകാരെ അടക്കം ഫോണ്‍ ചെയ്തതെന്നും സൂര്യ വെളിപ്പെടുത്തി. എന്നാല്‍ ഉത്രയെ അപായപ്പെടുത്തുന്ന കാര്യം തനിക്ക് മുന്‍പ് അറിയില്ലായിരുന്നുവെന്ന് സൂര്യ ആവര്‍ത്തിച്ചു പറഞ്ഞു.
വീട്ടുപുരയിടത്തില്‍ കുഴിച്ചിട്ടിരുന്ന സ്വര്‍ണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇത് സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് കുഴിച്ചിട്ടതെന്നും കുഴിച്ചിട്ട ഭാഗം തന്നെ കാണിച്ചുതന്നിരുന്നെന്നും രേണുക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. മാര്‍ച്ച് രണ്ടിനാണ് സൂരജ് ബാങ്ക് ലോക്കറില്‍ നിന്നും സ്വര്‍ണം എടുത്തത്. ഉത്രയെ അണലികടിച്ച് ആശുപത്രിയിലാക്കിയപ്പോള്‍ താലിമാലയടക്കമുള്ള ആഭരണങ്ങള്‍ ഊരിയെടുത്തതും സൂരജിന്റെ പക്കലുണ്ടായിരുന്നു.
കുഞ്ഞിന്റേത് ഉള്‍പ്പടെ 37.5 പവന്റെ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. തന്നെ അറസ്റ്റ് ചെയ്യുമെന്നുറപ്പിച്ച ദിവസം സൂരജ് സ്വര്‍ണം സുരേന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. ഈ ആഭരണങ്ങളാണ് കുഴിച്ചിട്ടതെന്ന് സുരേന്ദ്രനും രേണുകയും അന്വേഷണ സംഘത്തോട് പറഞ്ഞു. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാനുള്ള വസ്തുതകളൊന്നും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ രേണുകയും സൂര്യയും പൊലീസിന്റെ നിരീക്ഷണത്തിലുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരുവരേയും അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: