പാരീസ്: ഭാരതത്തിന്റെ പരമ്പരാഗത നമസ്തേ ശൈലി ലോകത്ത് ട്രെന്‍ഡാകുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് പാശ്ചാത്യശൈലികളായ ഹസ്തദാനവും ആലിംഗനവും ഉപേക്ഷിച്ച് ലോകനേതാക്കള്‍ ഭാരതീയ ശൈലിയിലേയ്ക്ക് മാറിയിരിക്കുന്നത്.
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സ്വീകരിച്ചത് കൈകള്‍ കൂപ്പി തലകുനിച്ച് വന്ദിച്ച് നമസ്തേ പറഞ്ഞ്. തിരിച്ച് മെര്‍ക്കലും അതുപോലെ നമസ്തേ പറഞ്ഞ് അഭിവാദ്യം ചെയ്തു. മെര്‍ക്കലിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഇരു രാഷ്ട്ര നേതാക്കളും കൊറോണകാലഘട്ടത്തിലെ വ്യാവസായിക പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി.
ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ ഇതാദ്യമായിട്ടല്ല ഭാരതീയ ശൈലിയില്‍ നമസ്തേ പറഞ്ഞ് അഭിവാദ്യം ചെയ്ത് മറ്റൊരു രാഷ്ട്രനേതാവിനെ സ്വീകരിക്കുന്നത്. സ്പാനിഷ് രാജാവിനെയും രാജ്ഞിയെയും ഇതുപോല നമസ്തേ പറഞ്ഞ് മക്രോണ്‍ അഭിവാദ്യം ചെയ്തിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുകെ രാജകുമാരന് ചാള്‍സ് തുടങ്ങി നിരവധി രാഷ്ട്ര നേതാക്കളും ഭാരതീയ ശൈലി സ്വീകരിച്ചിരുന്നു. ഇസ്രയേല്‍ ജനത ഭാരതത്തിന്റെ നമസ്തേ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: