തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ വന്നുപോകുന്നതായി സിസിടിവി ദ്യശ്യത്തിലുണ്ടെന്നു വ്യക്തമായി. സെക്രട്ടേറിയറ്റിലെ സിസിടിവി ദ്യശ്യങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നത് ഇക്കാരണത്താല്‍.
ദൃശ്യങ്ങള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്. നിരീക്ഷണ ക്യാമറകളുടെ കണ്ട്രോള് റൂമില്‍ കര്‍ശന നിയന്ത്രണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് വിശ്വസ്തരായ ഉദ്യോഗസ്ഥരോട് ആലോചിച്ചെന്നാണ് വിവരം. ഭരണകക്ഷി സംഘടനയില്‍പ്പെട്ട ജീവനക്കാരുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായവരുടെയും നിരീക്ഷണവും ഇവിടെ ശക്തമാണ്. ഡാറ്റ കോപ്പി ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടമായി എന്ന് വരുത്താനാകും നീക്കം.
സ്വപ്ന എത്തിയത് ആരെ കാണാനാണെന്നും എന്തിനാണ് സെക്രട്ടേറിയറ്റില്‍ വന്നതെന്നും ഉള്‍പ്പെടെയുള്ള എന്‍െഎഎയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കേണ്ടിവരും. എന്‍െഎഎ വീണ്ടും ആവശ്യപ്പെട്ടാല്‍ മാത്രം സിസിടിവി ദ്യശ്യങ്ങള്‍ കൈമാറുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണ് നിലപാട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പഴ്സണല്‍ സ്റ്റാഫ് അംഗവും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെയും സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രി കെ.ടി. ജലീലിന്റെയും ഓഫീസുകളില്‍ സ്വപ്ന എത്താറുണ്ടായിരുന്നോ എന്നു സ്ഥിരീകരിക്കാനാണ് 2019 ജൂലൈ മുതല്‍ 2020 ജൂലൈ വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: