ഇരിട്ടി : അനധികൃതമായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 81. 500 കിലോ ചന്ദനമുട്ടികൾ പിടികൂടി. കണ്ണൂർ ഫ്ളൈങ് സ്‌ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എം.എ. അനീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടുവനാട് – ശിവപുരം മേഖലയിൽ നടത്തിയ പരിശോധനക്കിടെയാണ് കോളാരിയിൽ നിന്നും ഓട്ടോവിൽ കടത്തുകയായിരുന്ന ചന്ദന മുട്ടികൾ പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് പിടികൂടിയ നടുവനാട് ഇയ്യംബോഡിലെ ചോലക്കരമ്മൽ കെ. രഞ്ജിത്തി (32 ) നെ കണ്ണൂർ ഫോറസ്റ്റ് ഫ്‌ളൈങ് സ്‌ക്വാഡ് കൂടുതൽ അന്വേഷണങ്ങൾക്കായി കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്ക് കൈമാറി . ചന്ദനം കടത്താനുപയോഗിച്ച ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ ചന്ദനമുട്ടികൾക്കു 8 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കുന്നത്.
കണ്ണൂർ ഫോറസ്റ്റ് ഫ്ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ പി. പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. ഉണ്ണികൃഷ്ണൻ, കെ. മധു, സി. പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. ഷൈജു, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: