ചെന്നൈ: മുന്‍ ഇന്ത്യന്‍ നായകന് എം.എസ്.ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും ഐപിഎല്ലിനായി യുഎഇയിലേക്ക് യാത്രതിരിച്ചു. സപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ അരങ്ങേറുക.
ചെന്നൈയില്‍ ആറു ദിവസത്തെ കണ്ടീഷനിങ് ക്യാമ്പിന് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് യുഎഇയിലേക്ക് പറന്നത്. ആഗസ്റ്റ് പതിനഞ്ച് മുതല്‍ ഇരുപത് വരെയായിരുന്നു ക്യാമ്പ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയും റെയ്നയും ടീമിലുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ഹര്ഭജന് സിങ് ഇന്നലെ ടീമിനൊപ്പം പോയില്ല.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും ഇന്നലെ ദുബായിലേക്ക് പറന്നു. ടീം അംഗങ്ങള്‍ വിമാനത്തില്‍ ഇരിക്കുന്ന ചിത്രം റോയല്‍ ചലഞ്ചേഴ്സ് അധികൃതര്‍ ട്വീറ്റ് ചെയ്തു.
രാജസ്ഥാന് റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവന് പഞ്ചാബ് ടീമുകള്‍ കഴിഞ്ഞ ദിവസം തന്നെ യുഎഇയില്‍ എത്തിയിരുന്നു.
യുഎഇയില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് കളിക്കാര്‍ ആറു ദിവസം ക്വാറന്റൈനില്‍ കഴിയും. എല്ലാ കളിക്കാരെയും സ്റ്റാഫ് പ്രതിനിധികളെയും അഞ്ച് തവണ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും. അതിനുശേഷം ഇവരെ ബയോ ബബിളില്‍ പ്രവേശിപ്പിക്കും.
ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ 53 ദിവസം നീണ്ടുനില്‍ക്കും. ചില ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഐപിഎല്ലിന്റെ സമ്പൂര്‍ണ ഫിക്സ്ച്ചര്‍ ഇതുവരെ പ്രഖാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: