തൃശൂര്‍: വിയ്യൂരിലെ അതീവസുരക്ഷ ജയിലില്‍ മതതീവ്രവാദ സ്വഭാവമുള്ള കേസുകളില്‍ അറസ്റ്റിലായവര്‍ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിച്ച് ഇന്ത്യാവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി. ജയില്‍ അധികൃതര്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച സംഭവം ഇന്റലിജന്‍സാണ് പുറത്തുകൊണ്ടുവന്നത്.
ദേശീയ പതാക ഉയര്‍ത്തി ദേശീയഗാനം ആലപിച്ചപ്പോഴാണ് ഇവര്‍ ഇന്ത്യവിരുദ്ധമുദ്രാവാക്യം ഉയര്‍ത്തിയത്. കേന്ദ്ര സര്‍ക്കാരിനെതിരെയും ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെയും ഇവര്‍ മുദ്രാവാക്യം ഉയര്‍ത്തി. സ്വാതന്ത്ര്യദിനാഘോഷം തടസപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി ജയിലില്‍ പാര്‍പ്പിച്ചവരാണ് ദേശീയഗാനത്തിനിടെ സെല്ലില്‍ മുദ്രാവാക്യം മുഴക്കിയത്. 10 പ്രതികളുടെ നേതൃത്വത്തിലാണു അതീവസുരക്ഷാ ജയിലില്‍ പ്രതിഷേധം നടന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആഭ്യന്തര വകുപ്പ് അടിയന്തര റിപ്പോര്‍ട്ട് സംസ്ഥാനത്തോട് തേടിയിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യുന്നത് വിയ്യൂരിലാണ്. അതിനിടെയാണ് ഇത്തരം സംഭവം നടന്നത്. സംസ്ഥാന ആഭ്യന്തരവകുപ്പ് ഒളിപ്പിക്കാന്‍ ശ്രമിച്ച സംഭവം എന്‍ഐഎ തന്നെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പിനെ അറിയിച്ചിരിക്കുന്നത്. അടുത്തിടെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഇഷ്ടക്കാരെ നിയമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ജയിലില്‍ ഒത്താശ ചെയ്യാനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മതതീവ്രവാദ സ്വഭാവമുള്ള സംഭവങ്ങളില്‍ അറസ്റ്റിലായവരാണ് മുദ്രാവാക്യം ഉയര്‍ത്തിയതെന്നും ജയില്‍ അധികൃതര്‍ ജന്മഭൂമി ഓണ്‍ലൈനോട് പറഞ്ഞു. ഇവര്‍ ആരുടെ പ്രേരണയിലാണ് ഇത്തരം ഒരു പ്രതിഷേധം നടത്തിയതെന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: