തൃശൂര്‍: ന്യൂനപക്ഷ സംവരണവും പദവിയും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ന്യൂനപക്ഷ സമൂഹങ്ങള്‍ ഒരേസമയം ഒബിസി സംവരണവും, ന്യൂനപക്ഷ പദവിയും, ആനുകൂല്യങ്ങളും അനുഭവിക്കുകയാണെന്നും ദേശീയതലത്തില്‍ സംവരണം ലഭ്യമല്ലാത്ത സമൂഹങ്ങളും ജനസംഖ്യാപരമായും സാമൂഹ്യ, സാമ്പത്തിക മുന്നോക്ക അവസ്ഥ അനുഭവിക്കുന്നവരും സംസ്ഥാനത്ത് ആനുകൂല്യത്തിന് പരിഗണിക്കപ്പെടുകയാണെന്നും സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍, ജനറല്‍ സെക്രട്ടറി ആര്.വി. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സാമൂഹ്യ അവശതയ്ക്ക് പരിഹാരമായി ജാതി സമൂഹങ്ങള്‍ക്ക് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്ത സംവരണം, ജാതിയില്ലാത്ത മതത്തിന് നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായ ഈ ആനുകൂല്യം പതിറ്റാണ്ടുകളായി ന്യൂനപക്ഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഇടതു-വലതു മുന്നണികള്‍ തുടര്‍ന്നുവരുന്ന ന്യൂനപക്ഷ പ്രീണനത്തിന്റെയും ഭൂരിപക്ഷ പീഡനത്തിന്റെയും പരിണതഫലമാണ് ഈ സംവരണവും പദവിയും അനുകൂല്യങ്ങളും എന്ന് അവര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 15, 16 തീയതികളില്‍ ഗൂഗിള്‍ ആപ്പ് വെബിനാറിലൂടെ നടന്ന ഹിന്ദു ഐക്യവേദി 17-ാമത് സംസ്ഥാന സമ്മേളന തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു നേതാക്കള്‍.
മലയാള ഭാഷാപിതാവായ തുഞ്ചത്ത് ആചാര്യന്റെ ജന്മസ്ഥലമായ തിരൂരില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യം പോലും വടക്കന്‍ കേരളത്തില്‍ ഭൂരിപക്ഷത്തിന് നിഷേധിച്ചിരിക്കുകയാണ്. തിരൂര്‍ ടൗണില്‍ സ്ഥാപിക്കാനായി മുനിസിപ്പാലിറ്റി നി
ര്‍മിച്ച ആചാര്യ പ്രതിമ, സ്ഥാപിക്കാന്‍ അനുവദിക്കാതെ മഷിക്കുപ്പിയും പക്ഷി തൂവലും സ്ഥാപിക്കേണ്ട ഗതികേടിലാണ് മലപ്പുറത്തെ ഹിന്ദുക്കള്‍ക്ക് ഉള്ളത്. മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ് തുഞ്ചത്താചാര്യന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണം.
കേരളം തുടര്‍ച്ചയായി പരിസ്ഥിതി വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ പരിസ്ഥിതി നയം പ്രഖ്യാപിക്കണം. കേരളത്തിന്റെ പരിസ്ഥിതി പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നതുകൊണ്ട് പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്താന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം. പരിസ്ഥിതിയെയും സാമൂഹിക ജീവിതത്തെയും അപകടത്തിലാക്കുന്ന ഇഐഎ 2020 വിജ്ഞാപനം റദ്ദാക്കണമെന്നും സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ക്ഷേത്രഭരണം ഭക്തജനങ്ങള്‍ക്ക് വിട്ടുനില്‍ക്കുക, അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ വീണ്ടെടുക്കാന്‍ ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിക്കുക, പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നിയമനിര്‍മാണം നടത്തുക, എല്ലാ പഞ്ചായത്ത്-മുനിസിപ്പാലിറ്റികളിലും ആധുനിക പൊതുശ്മശാനം നിര്‍മിക്കുക, സംസ്ഥാനത്തെ മുഴുവന്‍ എസ്സി എസ്ടി കോളനികളും നവീകരിക്കാനും പുനരുദ്ധരിക്കാനും സമഗ്രപദ്ധതി പ്രഖ്യാപിക്കുക, കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കുക, സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുക തുടങ്ങിയ പതിനെട്ടിന ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇതിനായി ഹിന്ദു സംഘടന നേതൃയോഗം സെപ്റ്റംബര്‍ അവസാനം ഓണ്‍ലൈന്‍ സമ്മേളനമായി വിളിച്ചുചേര്‍ക്കും.
ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അധ്യാത്മിക ആചാര്യന്മാര്, താന്ത്രിക പ്രമുഖന്മാര്, ഭക്തജന സംഘടനകള്‍, ഹിന്ദു സംഘടനാ നേതാക്കള്‍, പ്രമുഖ ക്ഷേത്രഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഭക്തജന സമ്മേളനം സെപ്റ്റംബര്‍ 27ന് നടക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി. സുധാകരന്, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. കേശവദാസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: