കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് വീണ്ടും ജാമ്യം നിഷേധിച്ചു. എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.
പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ തെളിവുണ്ടെന്ന നിരീക്ഷണത്തിലാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. വലിയ ശൃംഖല കള്ളക്കടത്തിന് പിന്നിലുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ പ്രതികള്‍ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. അതേസമയം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരടക്കം എട്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം പതിനെട്ട് വരെ നീട്ടി. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.
അതേസമയം ഹവാല, ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്ന് സ്വപ്നസുരേഷ് ജാമ്യ ഹര്‍ജിയില്‍ വാദിച്ചു. കള്ളക്കടത്ത് സംഘവുമായി തനിക്ക് ബന്ധമുള്ളതായി തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ല. നിയമപരമായാണ് താന്‍ സമ്പാദിച്ചിട്ടുള്ളത്. അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും സ്വപ്ന സുരേഷ് കോടതില്‍ അറിയിച്ചെങ്കിലും എന്‍ഫോഴ്സ്മെന്റിന്റെ വാദം പരിഗണിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
പ്രതികള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്നതിന് കേസ് ഡയറിയില്‍ മതിയായ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സ്വപ്ന സുരേഷിന്റെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറിലെ പണം സംബന്ധിച്ച് നിരവധി ദുരൂഹതയുണ്ട്. ലോക്കറില്‍ സൂക്ഷിച്ച പണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നെന്നും ഉന്നത സ്വാധീനമുള്ള സ്വപ്നക്ക് ഉടന്‍ ജാമ്യം നല്‍കരുതെന്നുമാണ് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: