ന്യൂദല്‍ഹി: കൊറോണ പ്രതിസന്ധി നേരിടാനും ബിസിനസ് രംഗത്തിന് പുത്തനുണര്‍വ് നല്കാനുമായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്തത് ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ വായ്പ. ഇതില്‍ കേരളത്തിലെ വിവിധ സംരംഭകര്‍ക്ക് ലഭിച്ചത് 2,566 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെയുള്ള അടിയന്തര വായ്പാ പദ്ധതിയായ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം വഴിയാണ് രാജ്യത്തെ പൊതു സ്വകാര്യ ബാങ്കുകള്‍ 1.5 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചത്. ഇതില്‍ ഒരു ലക്ഷം കോടി രൂപയിലധികമാണ് ഇതിനോടകം വിതരണം ചെയ്തത്.
പദ്ധതിപ്രകാരം കേരളത്തില്‍ 1,36,142 പേരാണ് വിവിധ ബാങ്കുകളിലായി അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 1,03,150 പേര്‍ക്കും തുക കൈമാറി. 2,566 കോടി രൂപയാണ് ബാങ്കുകള്‍ വായ്പ തുകയായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ 2,144 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും അധികം ആളുകള്‍ അപേക്ഷ സമര്‍പ്പിച്ചത്. ഭൂരിഭാഗം പേര്‍ക്കും ഇതിനോടകം വായ്പ അനുവദിക്കുകയും ചെയ്തു.
ലോക്്ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ പ്രത്യേകിച്ച്, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് ഈ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്.
ഇസിഎല്‍ജിഎസ് പദ്ധതിയുടെ കീഴില്‍ 76,044.44കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ അനുവദിച്ചിരിക്കുന്നത്. 56,483.41കോടി രൂപ ഇതിനോടകം വിതരണം ചെയ്തു. അതേസമയം സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ 74,715.02 കോടി രൂപ അനുവദിച്ചതില്‍ 45,762.36 കോടി രൂപ വിതരണം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയാണ് വായ്പ നല്കിയ പ്രധാന ബാങ്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: