ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ പ്രക്രിയയില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടതിന് കേന്ദ്രസര്‍ക്കാരെന്തു പിഴച്ചെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള വിവാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ കേരളത്തിന് മുന്‍ഗണന നല്‍കിയിട്ടും അതു മുതലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. കണ്ണൂരും നെടുമ്പാശ്ശേരിയുമടക്കമുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്കിയവരാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനെ എതിര്‍ക്കുന്നതെന്നത് വിചിത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 32 ശതമാനമാണ് നെടുമ്പാശ്ശേരിയിലെ സര്‍ക്കാര്‍ പങ്കാളിത്തം. കണ്ണൂരില്‍ 30ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഓഹരി. ഹൈക്കോടതിവിധിക്ക് വിധേയമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിമാനത്താവള നടത്തിപ്പും വികസന പ്രവര്‍ത്തനങ്ങളും മാത്രമാണ് സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നത്. പിപിപി മാതൃക രാജ്യത്ത് നിലവിലുള്ള രീതിയാണ്. കേരള സര്‍ക്കാരിന്റെയും ഇടതുവലതു മുന്നണികളുടെ നേതാക്കളുടേയും നിലപാട് അപഹാസ്യമാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് ലക്ഷ്യം.
എന്തൊക്കെ ബഹളമുണ്ടാക്കിയാലും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരും രക്ഷപ്പെടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം പങ്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. അനാവശ്യ വിവാദമുണ്ടാക്കുകയാണ് സര്‍ക്കാര്‍. തിരുവനന്തപുരം എംപി ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ അംഗീകരിക്കുകയാണ്.
കേരള സര്‍ക്കാരിനെക്കൂടി പങ്കാളികളാക്കിയാണ് ടെന്‍ഡര്‍ നടപടികള്‍ നടന്നത്. ടെന്‍ഡറില്‍ പാസാവാത്തതിന്റെ കുറ്റം സംസ്ഥാന സര്‍ക്കാരിനാണ്. തുകയില്‍ പത്തുശതമാനം ഇളവ് ലഭിച്ചിട്ട് പോലും അതുപയോഗിക്കാന്‍ കേരളത്തിന് സാധിച്ചില്ല. നിയമസഭയില്‍ പ്രമേയം പാസാക്കുമ്പോള്‍ അക്കാര്യം കൂടി ചേര്‍ത്തേക്കണമെന്ന് വി. മുരളീധരന് പരിഹസിച്ചു.
സെലക്ഷന് പ്രക്രിയയില്‍ ചീഫ് സെക്രട്ടറിയെ അടക്കം പങ്കാളികളാക്കാം എന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. 26 ശതമാനമെങ്കിലും സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനിക്ക് പത്തുശതമാനം ഇളവ് നല്‍കാമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഇതില്‍ കേരള സര്‍ക്കാര്‍ രണ്ടാമത്തെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്രത്തെ അറിയിച്ചു. അതിനു ശേഷമാണ് തുടര്‍ നടപടികള്‍ എടുത്തത്. കെഎസ്ഐഡിസി, അദാനി, ജിഎംആര്‍ ഗ്രൂപ്പുകള്‍ നല്കിയ ടെന്‍ഡറില്‍ അദാനിയേക്കാള്‍ 19.64 ശതമാനം തുക കുറവായിരുന്നു കെഎസ്ഐഡിസി രേഖപ്പെടുത്തിയത്. പത്തുശതമാനം കുറവായിരുന്നെങ്കില്‍ പോലും കരാര്‍ ലഭിക്കുമായിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചില്ല.
വരുമാനം കൂടും
179.41 കോടി രൂപയാണ് ഈ വര്‍ഷം അദാനി ഗ്രൂപ്പ് നല്‍കുന്നത്. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ലഭിക്കുന്നതിനേക്കാള്‍ മുപ്പതു കോടി രൂപ അധികമാണിത്. 2006 – 07ല്‍ യുപിഎ സര്‍ക്കാരാണ് വിമാനത്താവള നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചു തുടങ്ങിയത്. പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഓര്‍ക്കണം. ശബരിമല ക്ഷേത്രത്തിന്റെ ആചാരലംഘനത്തിന് നേതൃത്വം വഹിച്ചവരാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആചാരലംഘനമെന്ന വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന കാലത്തോളം യാതൊരു വിധത്തിലുള്ള ആചാരലംഘനവും ഉണ്ടാവില്ലെന്ന് ഭക്തര്‍ക്ക് ഉറപ്പുണ്ടെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: