ബ്രഹ്മസ്വരൂപ വര്‍ണന തുടരുന്നു.
നിത്യം- എന്നുമുള്ളത്. മൂന്ന് കാലത്തിലും ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നത്. സ്ഥലം, കാലം, വസ്തു തുടങ്ങിയതായ യാതൊരു തരത്തിലുള്ളതുമായ പരിച്ഛേദങ്ങളില്ലാത്തതാണ് ബ്രഹ്മം.
‘നിയതം ഭവഃ, നിയമേന ഭവഃ നിത്യഃ’എന്നതാണ് നിര്‍വചനം.
നിയതമായ അഥവാ നിശ്ചയമായ അവസ്ഥയാണ് നിത്യം. പതിവായി നിലനില്‍ക്കുന്ന ത്. ഈ വിശേഷണങ്ങള്‍ ബ്രഹ്മത്തിന് മാത്രമേ ചേരൂ.
സുഖം- സുഖസ്വരൂപമാണ് ബ്രഹ്മം. സുഷ്ഠമായ ഖം ആണ് സുഖം. ഖം എന്നാല്‍ ആകാശം. സുഷ്ഠമെന്നാല്‍ നല്ലത്, തെളിഞ്ഞത്. തെളിഞ്ഞ ഹൃദയാകാശത്തിലാണ് ബ്രഹ്മമാകുന്ന സുഖത്തെ നാം അറിയുന്നത്.
സുഖം സുഹിതം ഖേഭ്യോഃ ഇന്ദ്രിയങ്ങള്‍ക്കായി നല്ലവണ്ണം വയ്‌ക്കപ്പെട്ടത്, ഇന്ദ്രിയങ്ങള്‍ക്ക് അനുകൂലമായത് എന്നൊക്കെ അര്‍ത്ഥമുണ്ട്. ഖേഭ്യങ്ങള്‍ എന്നാല്‍ ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥം.
സുഖ സ്വരൂപമായ ബ്രഹ്മത്തിന്റെ സാന്നിധ്യമാണ് വിഷയ സുഖത്തെ അനുഭവിക്കാന്‍ സഹായിക്കുന്നത്. എല്ലാ ലൗകിക സുഖത്തിനും നിദാനമായിരിക്കുന്ന കേവല സുഖമാണ് ബ്രഹ്മം.
നിഷ്‌കലം- കലകളില്ലാത്തത്. നിഷ്‌കളം എന്നും പറയാറുണ്ട്. അവയങ്ങളൊന്നുമില്ലാത്തത്. എങ്ങും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ അതില്‍ കലകളോ അവയവ കല്പനയോ ഇല്ല.
സര്‍വത്ര പരിപൂര്‍ണനാണ്. കല എന്നാല്‍ ചെറിയ ഭാഗം- ചന്ദ്രക്കല. 16 കലകള്‍ ചേര്‍ന്നാല്‍ പൂര്‍ണചന്ദ്രനാകും. ചെറിയ അളവിനെയും കല എന്ന് പറയും. കലയതി ഇതി കലാ. കണക്കാക്കുന്നതു കൊണ്ട് കല. കല് എന്നാല്‍ എണ്ണുക, കണക്കാക്കുക എന്നര്‍ത്ഥം.
അപ്രമേയം- പ്രമേയത്തിന് വിഷയമല്ലാത്തത്. അളക്കാന്‍ പറ്റാത്തത്.
ബുദ്ധിയുടെ മറ്റൊരു പേരാണ് പ്രമാ. ബ്രഹ്മം ഇന്നതാണന്നോ, ഇന്ന മാതിരിയാണെന്നോ പറയാന്‍ പറ്റില്ല. പ്രമാണത്തിലൂടെയോ താരതമ്യത്തിലൂടെയോ യുക്തി ചിന്തയിലൂടെയോ ആത്മാവിനെ അറിയാനാവില്ല.
അരൂപം- രൂപമില്ലാത്തത്. എത്ര കണ്ട സൂക്ഷ്മമാകുന്നുവോ അത്ര കണ്ട് രൂപമില്ലാത്തതായി മാറും. രൂപമില്ലാത്തതായ ആകാശത്തിനേക്കാള്‍ സൂക്ഷ്മമാണ് ബ്രഹ്മം. അതുകൊണ്ട് തന്നെ പരിച്ഛിന്ന വസ്തുക്കള്‍ക്ക് മാത്രമേ രൂ
പം ഉണ്ടാവുകയുള്ളൂ. അവതാരങ്ങളെ സകളത്വമായി പറയാറുണ്ട്.
അവ്യക്തം- വ്യക്തമല്ലാത്തത്. ഇന്ദ്രിയ മനോബുദ്ധികള്‍ക്ക് വിഷയമല്ലാത്തത്. ഇവയെല്ലാം വെറും ജഡമായ ഉപാധികള്‍ മാത്രമാണ്. ആത്മസാന്നിധ്യം അവയെ പ്രവര്‍ത്തന ശേഷിയുള്ളതാക്കി തീര്‍ക്കുന്നു. എന്നാല്‍ അവയ്‌ക്കൊന്നും അതിനടുത്തെത്താനോ അറിയാനോ കഴിയില്ല. സ്ഥൂലങ്ങളായ ഈ ഉപകരണങ്ങളേക്കാള്‍ സൂക്ഷ്മമായതിനാല്‍ അറിയാനാവില്ല. അതിനാല്‍ അവ്യക്തം.
അനാഖ്യം- പേരില്ലാത്തത്. രൂപമില്ലാത്തതി
നാല്‍ പേരും ഉണ്ടാകില്ല. ആകൃതിയോ ഗുണമോ ഉള്ളവയ്‌ക്ക് മാത്രമാണ് തിരിച്ചറിയാന്‍ പേരുണ്ടാവുക.
അവ്യയം- ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്തത്, ക്ഷയിക്കാത്തത്, നശിക്കാത്തത്. ഒരു തരത്തിലുള്ള മാറ്റങ്ങളും ഇല്ലാത്ത സത്യ വസ്തുവാണ് ബ്രഹ്മം. അതിന് സ്വയം നാശവുമില്ല, നശിപ്പിക്കാനുമാവില്ല.
സ്വയം ജ്യോതിഃ -ബ്രഹ്മം സ്വയം പ്രകാശമാണ്. മറ്റെല്ലാം പ്രകാശിക്കുന്നത് അതിന്റെ ജ്യോതിസ്സുകൊണ്ടാണ്. മറ്റൊന്നിനും അതിനെ പ്രകാശിപ്പിക്കാനുമാവില്ല. അത് ശുദ്ധ ബോധമായ ചിത് സ്വരൂപം തന്നെയാണ്.
ഈ 20 വിശേഷണങ്ങളിലൂടെ എങ്ങും നിറഞ്ഞ ആത്മതത്വത്തെ വിശദമായി തന്നെ വിവരിക്കുന്നു. ഇവ 20 ധ്യാന അഭ്യാസങ്ങളാന്ന്. ആത്മാവിന്റെ പൂര്‍ണമായ നിര്‍വചനങ്ങളെങ്കിലും എങ്ങും വിളങ്ങുന്ന ആത്മതത്ത്വത്തെ ഇവ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: