ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് വ്യാപന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. വ്യാപന നിരക്കിനൊപ്പം ദിനംപ്രതി ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മെയ് മുതല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായാണ് രാജ്യത്തെ വ്യാപന നിരക്ക് കുറയുന്നത്. ജൂലൈ ആദ്യ ആഴ്ചകളില്‍ 10.3 ശതമാനമായിരുന്നു നിരക്ക്. ആഗസ്റ്റ് ഒന്‍പതിന് 9.01 ശതമാനം. ഇപ്പോള്‍ 7.72 ആയി. രാജ്യത്തെ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ആര്‍ജിത പ്രതിരോധ ശേഷിയും വ്യാപന നിരക്ക് കുറയുന്നതിന് കാരണമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതോടൊപ്പം ഓരോ ദിവസവും വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വര്ധനവുണ്ടാകുന്നില്ലെന്നതും ശുഭ സൂചന നല്‍കുന്നതായി വിദഗ്ധര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി അറുപതിനായിരത്തില്‍ താഴെയാണ് വൈറസ് ബാധിതരാകുന്നവരുടെ എണ്ണം.
അതിനിടെ, മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവിന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഝാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്തയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഗോവയില്‍ ബനൗലിം എംഎല്‍എ ചര്‍ച്ചില്‍ അലേമോയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: