ന്യൂദല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച മഹേന്ദ്രസിങ് ധോണിയുടെ കരിയര്‍ ഇന്ത്യയിലെ പുതുതലമുറയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്തില്‍ എഴുതി. കുടുംബത്തിന്റെ വേരും പേരുമല്ല, സ്വന്തം കഴിവും അധ്വാനവും വിധി നിര്‍ണയിക്കുന്ന നവ ഇന്ത്യയുടെ പ്രതിനിധിയാണ് ധോണി. ലക്ഷ്യബോധമുള്ളവര്‍ക്ക് കുടുംബ പശ്ചാത്തലം പ്രധാനമല്ല. ധോണി ജീവിതം കൊണ്ട് യുവാക്കള്‍ക്കു മുന്നില്‍ വരച്ചിടുന്ന മാതൃക അതാണെന്നും മോദി എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായ ധോണി സൈന്യത്തിനായി നല്കിയ സംഭാവനകളെയും മോദി എടുത്തുപറഞ്ഞു.
‘രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരില് ഒരാളാണ് താങ്കള്‍. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ നയിച്ച നായകന്. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാള്‍, ക്യാപ്റ്റന്മാരില് ഒരാള്‍ എന്നിങ്ങനെ മാത്രമല്ല, ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ക്കൂടിയാകും ചരിത്രം താങ്കളെ അടയാളപ്പെടുത്തുക.അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ടീമിന് ഏറ്റവും വിശ്വസമര്‍പ്പിക്കാവുന്ന താരമായിരുന്നു താങ്കള്‍. മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള താങ്കളുടെ കഴിവ് അപാരമായിരുന്നു. പ്രത്യേകിച്ചും 2011 ലോകകപ്പ് ഫൈനലില്‍ ടീമിനെ വിജയത്തിലെത്തിച്ച താങ്കളുടെ ശൈലി തലമുറകളോളം ഓര്‍ത്തിരിക്കുമെന്ന് ഉറപ്പ്’ മോദി എഴുതി
വിരമിക്കാനുള്ള ധോണിയുടെ തീരുമാനം ഇന്ത്യയിലെ 130 കോടി ജനങ്ങളെ നിരാശപ്പെടുത്തിയതായി പ്രധാനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ കത്തിന്റെ പൂര്‍ണരൂപം
പ്രിയ മഹേന്ദ്ര,
കഴിഞ്ഞ ഓഗസ്റ്റ് 15ന്, സ്വതസിദ്ധമായ ശൈലിയില്‍ താങ്കള്‍ പങ്കുവച്ച ലഘു വീഡിയോ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണല്ലോ. ആ വിഡിയോ കണ്ട് 130 കോടി ഇന്ത്യക്കാരാണ് നിരാശപ്പെട്ടത്. അതേസമയം തന്നെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഈ രാജ്യത്തിനായി താങ്കള്‍ ചെയ്ത മഹത്തായ സേവനങ്ങളെ അവര്‍ നിസീമമായ നന്ദിയോടെ ഓര്‍ക്കുകയും ചെയ്യുന്നു.
താങ്കളുടെ കരിയറിലേക്ക് നോക്കാനുള്ള വഴികളിലൊന്ന് കരിയര്‍ കണക്കുകളാണ്. രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരില് ഒരാളാണ് താങ്കള്‍. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ നയിച്ച നായകന്. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാള്‍, ക്യാപ്റ്റന്മാരില് ഒരാള്‍ എന്നിങ്ങനെ മാത്രമല്ല, ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ക്കൂടിയാകും ചരിത്രം താങ്കളെ അടയാളപ്പെടുത്തുക.
അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ടീമിന് ഏറ്റവും വിശ്വസമര്‍പ്പിക്കാവുന്ന താരമായിരുന്നു താങ്കള്‍. മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള താങ്കളുടെ കഴിവ് അപാരമായിരുന്നു. പ്രത്യേകിച്ചും 2011 ലോകകപ്പ് ഫൈനലില്‍ ടീമിനെ വിജയത്തിലെത്തിച്ച താങ്കളുടെ ശൈലി തലമുറകളോളം ഓര്‍ത്തിരിക്കുമെന്ന് ഉറപ്പ്.
എങ്കിലും കരിയറിലെ നേട്ടങ്ങളുടെ കണക്കുകള്‍ കൊണ്ടോ വിജയിപ്പിച്ച മത്സരങ്ങളുടെ പേരിലോ മാത്രം ലോകം ഓര്‍ക്കേണ്ട പേരല്ല മഹേന്ദ്രസിങ് ധോണി. വെറുമൊരു കായികതാരം മാത്രമായി താങ്കളെ ഒതുക്കുന്നത് നീതികേടാകുമെന്ന് തോന്നുന്നു. ജനങ്ങള്‍ക്കിടയില്‍ താങ്കള്‍ ചെലുത്തിയ സ്വാധീനത്തെ വിലയിരുത്തിയാല്‍ ഐതിഹാസികം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും.
ചെറിയൊരു പട്ടണത്തില്‍നിന്ന് അതിലളിതമായി തുടങ്ങിയ താങ്കളുടെ വളര്‍ച്ച, പിന്നീട് ദേശീയ തലത്തിലും രാജ്യം മുഴുവന്‍ അഭിമാനിക്കുന്ന തലത്തിലും എത്തിയത് വിസ്മയമാണ്. താങ്കളുടെ ഉയര്‍ച്ചയും അവിടെ താങ്കള്‍ പ്രകടിപ്പിച്ച അച്ചടക്കവും രാജ്യത്തെ കോടിക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാണ്. മികച്ച സ്കൂളുകളിലും കോളജുകളിലും പഠിക്കാന്‍ അവസരം ലഭിക്കാത്ത, സമ്പന്നമായ കുടുംബ പശ്ചാത്തലമില്ലാത്ത കഴിവുറ്റ യുവാക്കള്‍ക്ക് ഉയരങ്ങളിലേക്ക് കുതിക്കാന്‍ താങ്കള്‍ തീര്‍ച്ചയായും പ്രചോദനമാണ്.
കുടുംബവേരുകളും പേരും ആരെയും തുണയ്ക്കാത്ത, സ്വന്തം കഴിവും അധ്വാനവും ഓരോരുത്തരുടെയും വിധി നിര്‍ണയിക്കുന്ന നവ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടയാളമാണ് താങ്കളെന്ന് ഞാന്‍ കരുതുന്നു. എവിടെയാണ് എത്തേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയുള്ളവര്‍ക്ക് എവിടെനിന്നാണ് വരുന്നതെന്നത് ഒരു പ്രശ്നമേയല്ല. താങ്കള്‍ ജീവിതം കൊണ്ട് യുവാക്കള്‍ക്കു മുന്നില്‍ തെളിച്ചിടുന്ന മാതൃക അതാണ്.
കളിക്കളത്തില്‍ താങ്കളുമായി ബന്ധപ്പെട്ട അവിസ്മരണമായ ഒട്ടെറെ നിമിഷങ്ങളുണ്ട്. അതെല്ലാം ഇന്ത്യയിലെ പുതിയ തലമുറയുടെ സവിശേഷതകളെ അതേപടി എടുത്തുകാട്ടുന്നതാണ്. ജീവിതത്തില്‍ റിസ്കുകള്‍ എടുക്കാന്‍ മടിക്കാത്ത തലമുറയുടെ പ്രതിനിധിയാണ് താങ്കള്‍. ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളില്‍ പോലും പരസ്പരം പിന്തുണച്ചു മുന്നോട്ടുപോകാനുള്ള സന്ദേശം ആ കരിയര്‍ നല്‍കുന്നുണ്ട്. ഏറ്റവും സമ്മര്‍ദ്ദമേറിയ ഘട്ടങ്ങളില്‍ പോലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവതാരങ്ങള്‍ക്ക് താങ്കള്‍ നല്കിയ പ്രചോദനം ഇവിടെ ഓര്‍മിക്കുന്നു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനല്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
സന്നിഗ്ധ ഘട്ടങ്ങളില്‍ പതറുന്നവരല്ല ഈ തലമുറയിലെ യുവാക്കള്‍. താങ്കളുടെ ഒട്ടേറെ ഇന്നിങ്സുകളില്‍ അതിന്റെ ഉദാഹരണങ്ങള്‍ കണ്ടു. പ്രതികൂല സാഹചര്യങ്ങളില്‍ സമചിത്തതത കൈവെടിയുന്നവരല്ല നമ്മുടെ യുവാക്കള്‍. താങ്കള്‍ നയിച്ച ടീമിന്റെ കാര്യത്തിലെന്ന പോലെ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ പ്രകടിപ്പിക്കുന്ന നിര്‍ഭയത്വം ശ്രദ്ധേയം. ഹെയര്‍സ്റ്റൈല്‍ ഏതുമാകട്ടെ, തോല്‍വിയിലും വിജയത്തിലും താങ്കളുടെ ശിരസ് ശാന്തമായിരുന്നു. അതും എല്ലാ യുവാക്കള്‍ക്കും വലിയൊരു പാഠമാണ്.
ഇന്ത്യയുടെ സായുധ സൈന്യവുമായുള്ള താങ്കളുടെ സഹകരണം എടുത്തപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ സൈനികര്‍ക്കിടയില്‍ ഏറ്റവും സന്തോഷവാനായ വ്യക്തി താങ്കളായിരുന്നു. സൈനികരുടെ ക്ഷേമത്തിന് താങ്കള്‍ നല്കുന്ന പ്രാധാന്യവും എടുത്തുപറയണം.
ഇനി സാക്ഷിക്കും സിവയ്ക്കും താങ്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുമെന്ന് കരുതുന്നു. അവരെയും എന്റെ ആശംസകള്‍ അറിയിക്കുക. കാരണം, അവരുടെ സഹനവും സഹകരണവും ഇല്ലായിരുന്നെങ്കിലും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. വ്യക്തിപരമായ ജീവിതവും പ്രഫഷനും എങ്ങനെ സുന്ദരമായി സംയോജിപ്പിക്കാം എന്ന കാര്യത്തിലും താങ്കള്‍ നമ്മുടെ യുവജനങ്ങള്‍ക്ക് മാതൃകയാണ്. ഏതോ ഒരു ടൂര്‍ണമെന്റില്‍ എല്ലാവരും വിജയാഹ്ലാദത്തില്‍ മുഴുകിനില്‍ക്കുമ്പോള്‍ താങ്കള്‍ മകളോടൊപ്പം കളിച്ചുല്ലസിക്കുന്ന ചിത്രം കണ്ടത് ഞാന്‍ ഇന്നും മറന്നിട്ടില്ല. അതാണ് വിന്റേജ് ധോണി.
താങ്കളുടെ ഭാവി പരിപാടികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
എന്ന്
നരേന്ദ്ര മോദി (ഒപ്പ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: